ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെതിരായ നടപടി കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ വിജയമെന്ന് വി.ഡി.സതീശന്‍.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, പൊലീസ് സ്റ്റേഷന് മുന്നില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെക്കൊണ്ട് തെറ്റുതിരുത്തിക്കാനും നടപടി സ്വീകരിക്കാനും പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മോഫിയക്ക് വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാന്‍ എം.പി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡി.ജി.പിയാണ് സുധീറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിനെതിരെയുള്ള അന്വേഷണ ചുമതല കൊച്ചി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണര്‍ക്കാണ്.
മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും സുധീര്‍ അധിക്ഷേപിച്ചു എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കുപുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയിരുന്നു. ഇത് വിവാദമായതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.
ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതേദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍. കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.