| Sunday, 18th August 2024, 3:16 pm

ഈ കഥ 'വാഴ'കളുടേത് മാത്രമല്ല; മിമിക്രിയില്‍ നിന്നുവന്ന് ഞെട്ടിച്ചവര്‍

വി. ജസ്‌ന

കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ്.. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ മൂന്നുപേര്‍. ഇന്ന് മൂവരും ഒരേ സിനിമയിലൂടെ തങ്ങളുടെ അഭിനയ മികവ് കൊണ്ട് സിനിമാപ്രേമികളെ ഏറെ വിസ്മയിപ്പിച്ചു. ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’ എന്ന ചിത്രത്തിന് ശേഷം ഇന്ന് മിക്കവരും ഈ മൂന്ന് കലാകാരന്മാരുടെയും അഭിനയത്തെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം.

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തിയ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം പേര് പോലെ കുറച്ച് വാഴകളുടെ കഥയാണ് പറയുന്നത്.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ട് എത്തിയ ഈ സിനിമയില്‍ സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍, സാഫ് ബോയ്, അനുരാജ്, ഹാഷിര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഒന്നിച്ചിട്ടുണ്ട്. ഇവരുടെ ഓരോരുത്തരുടെയും അഭിനയം വളരെ മികച്ചത് തന്നെയായിരുന്നു.

എന്നാല്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ സിനിമയില്‍ അവരുടെ അച്ഛന്മാരുടെ അഭിനയമാണ് ഏറെ എടുത്തു പറയേണ്ടത്. കോട്ടയം നസീറും അസീസും നോബിയും ആ ചെറുപ്പക്കാരുടെ അച്ഛന്മാരാണ്. ഒത്തിരി ചിരിക്കാനുള്ള സിനിമയില്‍ കരയിക്കുന്നതും ഇവര്‍ തന്നെയാണ്.

മിമിക്രിയിലൂടെ സിനിമയില്‍ വന്ന ആളുകള്‍ അഭിനയിക്കുമ്പോള്‍ മിമിക്രിയുടെ ഒരു ടച്ച് വരുമെന്ന് പലരും വിമര്‍ശിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ മൂവരുടെയും അഭിനയം കണ്ടാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ മാറി നില്‍ക്കും. സിനിമയിലെ ഇവരുടെ കാസ്റ്റിങ് അത്രയേറെ മികച്ചതായിരുന്നു.

സിജു സണ്ണിയുടെ അച്ഛനായാണ് ചിത്രത്തില്‍ അസീസ് എത്തിയത്. ജോമോന്‍ ജ്യോതിറിന്റെ അച്ഛനായി നോബിയും അമിത് മോഹന്റെ അച്ഛനായി കോട്ടയം നസീറും എത്തി. നോബിയുടേത് അത്ര ടോക്‌സിക് അല്ലാത്ത, മകനെയും കൂട്ടുക്കാരെയും അത്ര കണ്ട് വിമര്‍ശിക്കാത്ത അച്ഛന്‍ കഥാപാത്രമാണ്. മകന് ഏറെ മനസിലാക്കിയിട്ടുള്ള അച്ഛനായിരുന്നു അയാള്‍.

എന്നാല്‍ കോട്ടയം നസീറാകട്ടെ ഏറെ ടോക്‌സിക് ആയ ഒരു അച്ഛനാണ്. മകന്റെ ഇഷ്ടങ്ങള്‍ കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് അവന്‍ വളരണമെന്നും തനിക്ക് ഇഷ്ടമുള്ള കരിയര്‍ അവന്‍ തെരഞ്ഞെടുക്കണമെന്നും വാശിപിടിക്കുന്ന ആളാണ് അയാള്‍. ഒരുപാട് ഇമോഷന്‍സ് ഹാന്‍ഡില് ചെയ്യാനുള്ള കഥാപാത്രം തന്നെയായിരുന്നു നസീറിന്റേത്.

സിജു സണ്ണിയുടെ അച്ഛനായി എത്തിയ അസീസ് നെടുമങ്ങാട് ഏറെ ഗംഭീരമായ അഭിനയത്തിലൂടെ ഞെട്ടിച്ചിട്ടുണ്ട്. തുടക്കത്തില്‍ മകനെ മനസിലാക്കാത്ത അയാള്‍ ഏറ്റവും ഒടുവിലാണ് മകനെ മനസിലാക്കുന്നതും അവനൊപ്പം നില്‍ക്കുന്നതും. സിനിമയുടെ അവസാനമെത്തുമ്പോള്‍ ഫോട്ടോ എടുക്കാനായി മകനെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു സീനുണ്ട്. അവിടെയൊക്കെ ശരിക്കും അസീസിന്റെ എക്‌സ്പ്രഷന്‍സ് പോലും ഏറെ മികച്ചതായിരുന്നു.

പ്രധാനമായും അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന സിനിമയില്‍ ഇവരല്ലാതെ വേറെയും അച്ഛന്മാരെ കാണാം. അതില്‍ ഒരാളെ അവതരിപ്പിച്ചത് ജഗദീഷായിരുന്നു. അദ്ദേഹം ഏറ്റവും മികച്ചതായി തന്നെ ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കുമെന്ന് നമുക്ക് ഉറപ്പുള്ള കാര്യമാണ്.

അദ്ദേഹത്തിന്റെ അഭിനയ മികവില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. എങ്കിലും പറയാതിരിക്കാന്‍ പറ്റാത്ത ചില അഭിനയ മുഹൂര്‍ത്തകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. സിനിമയുടെ അവസാനം കുഞ്ഞിനെയും എടുത്ത് കൊണ്ടുള്ള ഒരു സീനില്‍ ജഗദീഷ് കണ്ണ് നനയിച്ചു.

ചുരുക്കത്തില്‍ ഈ സിനിമ കുറച്ച് വാഴകളുടെ മാത്രം കഥയല്ലെന്ന് വേണം പറയാന്‍. കുറച്ച് അച്ഛന്മാരുടെയും കഥയാണ്. അതിലുപരി മിമിക്രിയിലൂടെ വന്ന് സിനിമയില്‍ മികച്ച അഭിനയം നടത്തി ഞെട്ടിച്ച മൂന്ന് കലാകാരന്മാരുടെ കൂടെ കഥയാണ്. കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ്..

Content Highlight: Acting Of Kottayam Nazeer, Asees Nedumangad And Noby Marcose In Vazha Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more