പണത്തിന് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നതെന്നും ആത്മസംതൃപ്തിക്ക് വേണ്ടിയല്ലെന്നും നടനും സംവിധായകനുമായ ജോയ്മാത്യു. ഒരു സിനിമ കമ്മിറ്റ് ചെയ്യുന്നത് പ്രധാനമായും പണം നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ക്യാരക്റ്റര്‍ എന്താണെന്നും തനിക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്നും ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ നോക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കെന്ത് കിട്ടുമെന്ന് ചോദിച്ചാണ് കഥകള്‍ സെലക്ട് ചെയ്യുന്നത്. പണത്തിന് വേണ്ടിയാണ് അഭിനയിക്കുന്നത്. ആത്മസംതൃപ്തിക്ക് വേണ്ടി അഭിനയിക്കുന്നില്ല. ആത്മ സംതൃപ്തിക്ക് വേണ്ടിയാണെങ്കില്‍ വെറെന്തെല്ലാം പണിയുണ്ടിവിടെ, ഇത് പണമാണ് മെയ്ന്‍. എന്ത് എമൗണ്ട് കിട്ടുമെന്നാണ് ആദ്യം നോക്കുക. പിന്നെ ക്യാരക്റ്റര്‍ എന്താണെന്ന് ചോദിക്കും. നമുക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്ന് ചോദിക്കും. അത്രയേ ഞാന്‍ ആലോചിക്കാറുള്ളൂ,’ ജോയ് മാത്യു പറഞ്ഞു.
പണം മുഖ്യഘടകമാണെങ്കിലും, പണം ഉറപ്പിച്ചതിന് ശേഷം മറ്റു ചില ഘടകങ്ങള്‍ ഇഷ്ടപ്പെടാത്തത് കൊണ്ട് വിട്ടുകളഞ്ഞ സിനിമകളുമുണ്ടെന്നും ജോയ് മാത്യു പറയുന്നു. ‘ പണമാണ് പ്രധാനമെങ്കിലും നമുക്ക് ചില സുഖങ്ങളും സൗകര്യങ്ങളുമൊക്കെയുണ്ടല്ലോ, നമ്മുടെ കൂടെ ജോലി ചെയ്യുന്നത് ആരാണ്, ലൊക്കേഷനിലെ മറ്റു സൗകര്യങ്ങള്‍, യാത്ര സൗകര്യങ്ങള്‍ ഇവയൊക്കെ നോക്കി സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഉദാഹരണത്തിന്, ലഡാക്കിലായിരുന്നു പടം, അവിടെ നല്ല തണുപ്പായത് കൊണ്ട് എനിക്ക് പോകാന്‍ കഴിയില്ല, സംവിധായകന്‍ അവിടെയെത്തല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു.
ചില പേരുകള്‍ കാരണവും സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട്. പലപ്പോഴും വേണ്ട എന്ന് തോന്നിയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്. വിട്ടുകളഞ്ഞിട്ട് ദുഃഖം തോന്നിയ പടങ്ങള്‍ വളരെ കുറവെയുള്ളൂ. ഇതൊന്നും എഴുതി വെച്ച്, ഞാന്‍ ഇന്നതേ ചെയ്യുകയുള്ളൂ എന്ന് പറയുന്ന ഒരു ലൈനല്ല എന്റേത്. എനിക്ക് ശരിയെന്ന് തോന്നുത് ചെയ്യുക എന്നതാണ് എന്റെ ശീലം. അതാണ് എന്റെ ലൈന്‍. നല്ല ക്യാരക്റ്റര്‍ വരുമ്പോള്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ നോ പറയും,’ ജോയ് മാത്യു പറഞ്ഞു
content highlights; Acting for money, not self-gratification: Joy Mathew