| Sunday, 19th May 2024, 5:16 pm

ആചാരാനുഷ്ഠാനങ്ങൾ എങ്ങനെ ചെയ്യണമെന്നത് വ്യക്തിയുടെ അവകാശം: മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ആചാരാനുഷ്ഠാനങ്ങൾ എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കാണെന്ന് മദ്രാസ് ഹൈക്കോടതി.
അങ്കപ്രദക്ഷിണം നടത്താൻ ഒരു പുരുഷന് എല്ലാ അവകാശവും ഉണ്ടെന്ന് ജസ്റ്റിസ് ജി. ആർ. സ്വാമിനാഥൻ നിരീക്ഷിച്ചു. മറ്റ് ഭക്തർ ഭക്ഷണം കഴിച്ച ശേഷം ഉപേക്ഷിച്ച വാഴയിലയിൽ ഉരുളുന്ന ചടങ്ങാണ് അങ്കപ്രദക്ഷിണം.

ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(എ), 19(1)(ബി), 21, 25(1) എന്നിവ പ്രകാരം ഈ ആചാരം നിർവഹിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘ആചാരത്തിൻ്റെ ആത്മീയ ഫലപ്രാപ്തി സംബന്ധിച്ച് ഹരജിക്കാരൻ്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ കോടതിക്ക് അനുമതിയില്ല. അതിഥികൾ ഭക്ഷണം കഴിച്ചതിന് ശേഷം വാഴയിലയിൽ അങ്കപ്രദിക്ഷണം നടത്തുന്നത് ശ്രീ സദാശിവ ബ്രഹ്മേന്ദ്രലിൻ്റെ ഭക്തരുടെ പ്രധാനപ്പെട്ട ആചാരമാണ്. ഈ അവകാശം ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം ആർട്ടിക്കിൾ 14, 19(1)(എ), 19(1)(ഡി), 21, ആർട്ടിക്കിൾ 25(1) എന്നിവയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു,’ കോടതി വ്യക്തമാക്കി.

അങ്കപ്രദക്ഷിണം നടത്താൻ ആരെയും അനുവദിക്കരുതെന്ന് 2015ൽ മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജി ഉത്തരവിട്ടിരുന്നു. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതിക്ക് അതിൻ്റേതായ പരിമിതികൾ ഉണ്ടെങ്കിലും മതത്തിൻ്റെ പേരിൽ ഏതെങ്കിലും ആചാരമോ അനുഷ്ഠാനമോ പിന്തുടർന്ന് ഒരു മനുഷ്യനെയും തരംതാഴ്ത്താൻ അനുവദിക്കാനാവില്ലെന്ന് സിംഗിൾ ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നീട് നിലവിലെ കേസിലെ ഹരജിക്കാരൻ തന്നെ അങ്കപ്രദക്ഷിണം നടത്തുന്നതിനായി കോടതിയെ സമീപിക്കുകയായിരുന്നു. മതം ആചരിക്കാനുള്ള തൻ്റെ മൗലികാവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.എന്നാൽ മുൻകോടതി വിധി കണക്കിലെടുത്ത് തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ക്ഷേത്രാധികാരികൾ കോടതിയെ അറിയിച്ചു. തുടർന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ആർട്ടിക്കിൾ 25 ( 1 ) പ്രകാരം ഭരണഘടന ഏതൊരു വ്യക്തിക്കും തങ്ങളുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്. സ്വകാര്യതക്കുള്ള അവകാശത്തിൽ ലൈംഗികതയും ലിംഗഭേദവും ഉൾപ്പെടുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ആത്മീയ സ്വകാര്യതയും മാനിക്കേണ്ടിയിരിക്കുന്നു എന്ന് കോടതി വ്യക്തമാക്കി.

ഒരു വ്യക്തിക്ക് തന്റെ ആചാരങ്ങൾ അനുഷ്ഠിക്കാൻ മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ആ വ്യക്തിയുടെ മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.

Content Highlight: Act Of High Religious Worship’ : Madras High Court Allows Ritual Of Devotee Rolling Over Plaintain Leaves On Which Food Was Eaten By Others

We use cookies to give you the best possible experience. Learn more