| Thursday, 28th March 2019, 7:35 pm

ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം; മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ വിമര്‍ശിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്ങ്: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാന്‍ പോകുന്ന അമേരിക്കയക്ക് ചൈനയുടെ വിമര്‍ശനം. മസൂദ് അസ്ഹറിനെതിരെ അമേരിക്ക കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രമേയം കാര്യങ്ങള്‍ വഷളാക്കാനേ ഉപകരിക്കൂ എന്നും, ഇത് ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനായിരുന്നു അമേരിക്കയുടെ നീക്കം. എന്നാല്‍ രണ്ടാഴ്ച്ച മുന്‍പ് മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു.

15 അംഗങ്ങളുള്ള യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അംഗികരിക്കപ്പെട്ടാല്‍ മസുദ് ആസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ആയുധ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

പ്രമേയം ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യു.എസ് കൈമാറിയിട്ടുണ്ട്.എന്നാല്‍ ചൈനയുടെ പിന്തുണകിട്ടിയാല്‍ മാത്രമെ പ്രമേയം അംഗീകരിക്കപ്പെടൂ.ചൈന മുസ്ലിം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

മുസ്ലീങ്ങളോടുള്ള പെരുമാറ്റത്തില്‍ ചൈന “ലജ്ജാകരമായ കാപട്യം” കാണിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. സ്വദേശത്ത് ലക്ഷക്കണക്കിന് മുസ്ലീങ്ങളെ ആക്രമിക്കുന്ന ചൈന യു.എന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെ സംരക്ഷിക്കുകയാണെന്നും മൈക്ക് പോംപിയോ കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more