വിവാദങ്ങളാണ് തന്നെ ശക്തയാക്കിയതെന്ന് ശാലു മേനോന്‍. വിവാദങ്ങളുണ്ടായതിന് ശേഷം താന്‍ ബോള്‍ഡായെന്നും ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ താന്‍ ആക്ടീവാണെന്നും നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ശാലു പറഞ്ഞു.
‘ വിവാദങ്ങളാണ് എന്നെ ശക്തയാക്കിയത്. അതിനൊക്കെ ശേഷം ഞാന്‍ വളരെ ബോള്‍ഡ് ആയി. ആള്‍ക്കാരെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നെ തള്ളിപറഞ്ഞവരും ഒഴിവാക്കിയവരുമുണ്ട്. അവരെയൊക്കെ കാണുമ്പോള്‍ ഞാനൊരു ദേഷ്യവും കാണിക്കാറില്ല. ഞാനവരോട് അങ്ങോട്ട് പോയി സംസാരിക്കാറാണ് പതിവ്. എനിക്ക് ദേഷ്യം വളരെ കുറവാണ്.
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ആക്ടീവാണ്. എന്റെ പ്രേക്ഷകര്‍ക്ക് പരമാവധി റിപ്ലൈ കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. സാധാരണ ഇങ്ങനെയുള്ള കമന്റുകള്‍ക്ക് ഞാന്‍ റിപ്ലൈ കൊടുക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്.
പക്ഷേ ഒട്ടും സഹിക്കാന്‍ പറ്റാത്തതും നമ്മളെ വളരെ ഇന്‍സള്‍ട്ട് ചെയ്യുന്നതുമായ കമന്റുകള്‍ കാണാറുണ്ട്. അങ്ങനെയുള്ളത് കാണുമ്പോള്‍ റിയാക്ട് ചെയ്തുപോകാറുണ്ട്. ഞരമ്പുരോഗമുള്ളവരായിരിക്കും ഇങ്ങനെയുള്ള കമന്റുകള്‍ ഇടുന്നത്, ‘ ശാലു പറഞ്ഞു.
ഡാന്‍സറെന്ന ഡെസിഗ്‌നേഷനിലാണ് താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നും തനിക്ക് ആറ് ഡാന്‍സ് സ്‌കൂളുകളുണ്ടെന്നും രണ്ട് സീരിയലുകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെന്നും ശാലു പറഞ്ഞു.
‘ ഡാന്‍സറെന്ന ഡെസിഗ്‌നേഷനിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. നടിയാകുന്നതിന് മുന്നേ തന്നെ ഞാന്‍ ഡാന്‍സറായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയത്തിലേക്ക് കടന്നത്. എട്ട് വര്‍ഷം ജില്ല കലാതിലകമായിരുന്നു. പിന്നെ സ്റ്റേറ്റ് വിന്നറുമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സീരിയലില്‍ നിന്ന് ഒരു ഓഫര്‍ വരുന്നത്. പിന്നെ അതില്‍ തന്നെ അങ്ങ് തുടര്‍ന്നു.
ശനിയും ഞായറുമാണ് ഏറ്റവും തിരക്കുള്ള ദിവസങ്ങള്‍. ശനിയാഴ്ച രാവിലെ എന്റെ വീട്ടില്‍വെച്ച് തന്നെ ക്ലാസ് തുടങ്ങും. ഇവിടുന്ന് നേരെ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിട്ട് ബാക്കി ക്ലാസ് അവിടെ നിന്നായിരിക്കും. എനിക്ക് ആറ് ഡാന്‍സ് സ്‌കൂളുണ്ട്. ശനിയും ഞായറുമായാണ് ക്ലാസുണ്ടാകുക.
ഇപ്പോള്‍ രണ്ട് സീരിയലുകളിലാണ് അഭിനയിക്കുന്നത്. ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിലാണ് മിക്കവാറും ഷൂട്ടുണ്ടാവുക. പിന്നെ തീരെ നിവര്‍ത്തിയില്ലാത്ത ദിവസങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യാറുമുണ്ട്, ‘ ശാലു പറഞ്ഞു.
Content Highlights: Actress Shalu Menon about controversy