| Wednesday, 15th February 2023, 3:54 pm

ഇവിടെയുള്ളവര്‍ക്ക് ഡിപ്ലോമസിയും പ്രൈവസിയും എന്താണെന്ന് അറിയില്ല, ഇന്ത്യ എന്നോട് ചെയ്തത് ഇതാണ്: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിറ്റിലിഗോ രോഗം ബാധിച്ചതിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി മംമ്ത മോഹന്‍ദാസ്. 40 ദിവസം ഇരുണ്ട സ്ഥലത്ത് താന്‍ താമസിച്ചുവെന്നും യു.എസിലേക്ക് പോയെന്നും മംമ്ത പറഞ്ഞു.

യു.എസില്‍ എത്തിയപ്പോള്‍ തന്റെ രോഗത്തെക്കുറിച്ച് എല്ലാം മറന്നിരുന്നുവെന്നും മുഖത്തെയും ശരീരത്തിലെയും വെള്ളപാടുകള്‍ മറക്കാതെ താന്‍ പുറത്തിറങ്ങിയെന്നും താരം പറഞ്ഞു. എന്നാല്‍ തിരിച്ച് ഇന്ത്യയിലേക്ക് വന്നപ്പോള്‍ തന്റെ ദേഹത്തെ പാടുകള്‍ ആളുകള്‍ ശ്രദ്ധിക്കുകയും അതുമായി ബന്ധപ്പെട്ട് തന്നോട് ചോദിക്കാനും തുടങ്ങിയെന്നും മംമ്ത പറഞ്ഞു.

രോഗത്തെക്കുറിച്ച് മറന്ന തനിക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. ഇന്ത്യയിലെ ആളുകള്‍ക്ക് ഇത്തരം സിറ്റുവേഷനിലൂടെ കടന്നു പോകുന്നവരോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ലെന്നും മംമ്ത പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് രോഗം വന്നപ്പോള്‍ എന്റെ വീട്ടുകാര്‍ എന്നെക്കുറിച്ച് ഓര്‍ത്ത് ഒരുപാട് വിഷമിച്ചിരുന്നു. അവര്‍ക്ക് മനസിലാവുന്നില്ലായിരുന്നു. ഒടുവില്‍ ഞാന്‍ യു.എസിലേക്ക് പോയി. 40 ദിവസം യു.എസില്‍ താമസിച്ചപ്പോള്‍ എനിക്ക് വിറ്റിലിഗോ രോഗമുണ്ടെന്ന കാര്യം ഞാന്‍ മറന്നിരുന്നു. കാരണം മൂന്ന് മാസം ഞാന്‍ ഒരു ഡാര്‍ക്കായിട്ടുള്ള സ്ഥലത്ത് പോയി.

രാവിലെ എഴുന്നേറ്റിട്ട് മുഖത്തും ദേഹത്തുമുള്ള വെള്ള പാടുകള്‍ കാണുന്നത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്റെ ശരീരത്തിന്റെ 70 ശതമാനവും വെള്ള കളറായിട്ടുണ്ടായിരുന്നു. പുറത്ത് പോകണമെങ്കില്‍ ബ്രൗണ്‍ മേക്കപ്പിട്ടിട്ടായിരുന്നു ഞാന്‍ പോയിരുന്നത്. പുറത്തുള്ള ആളുകള്‍ കാണാതെ മറച്ച് വെച്ച് എന്റെ ബോധത്തില്‍ നിന്നും രോഗത്തെക്കുറിച്ചുള്ള ചിന്തകള്‍ ഞാന്‍ മറച്ചു.

ആ സമയത്ത് എന്റെ ഉള്ളില്‍ ഞാനില്ലായിരുന്നു. ഡാര്‍ക്കായിട്ടുള്ള സ്ഥലത്ത് നിന്ന് എനിക്ക് ആ പഴയ മംമ്തയെ തിരിച്ച് കിട്ടിയില്ലായിരുന്നു. ഞാന്‍ എപ്പോഴും കരഞ്ഞ് കൊണ്ടേയിരിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളെ വിളിക്കുമ്പോള്‍ ആദ്യമെ വീഡിയോ കോള്‍ ചെയ്യില്ലെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. എനിക്ക് എന്റെ ധൈര്യമെല്ലാം നഷ്ടപെട്ട് പോയിരുന്നു.

മനസിന് സുഖമുണ്ടായിരുന്നെങ്കില്‍ നമുക്ക് പുറത്ത് ഒക്കെ പോകാന്‍ തോന്നും. എനിക്ക് മേക്കപ്പ് ഇട്ട് മുഖം മറച്ച് പോകാന്‍ തോന്നിയിരുന്നില്ല. പിന്നെ ന്യൂഇയറിന് ഞാന്‍ യു.എസില്‍ പോയി. അപ്പോള്‍ ഞാന്‍ എല്ലാം മറന്നു. ഇന്ത്യയിലായിരുന്നെങ്കില്‍ ഞാന്‍ എന്റെ മുഖം മറക്കാന്‍ ഷോള്‍ ഇടുമായിരുന്നു. പക്ഷെ യു.എസില്‍ ഞാന്‍ ഫ്രീയായിരുന്നു.

തിരിച്ച് വീട്ടിലെത്തിയപ്പോള്‍ പുറത്ത് പോകാമെന്നൊക്കെയുള്ള മൈന്‍ഡ് എനിക്ക് ലഭിച്ചു. അങ്ങനെ പോയപ്പോഴാണ് ഒരാള്‍ എന്നോട് ആ കാര്യത്തെക്കുറിച്ച് ചോദിച്ചത്. ‘അയ്യോ മാഡം എന്ത് പറ്റി കൈക്കും കഴുത്തിനൊക്കെ ആക്‌സിന്റായോയെന്ന്’. പെട്ടെന്ന് പത്ത് കിലോ സ്ട്രസ് തലക്ക് ഉള്ളില്‍ നിറഞ്ഞ പോലെയായിരുന്നു അനുഭവപ്പെട്ടത്.

ഇന്ത്യ എന്നോട് ചെയ്തത് ഇതാണ്. ഇവിടെ ഉള്ള ആളുകള്‍ക്ക് എങ്ങനെ ഇത്തരം സിറ്റുവേഷന്‍സ് ഹാന്റില്‍ ചെയ്യണമെന്ന് അറിയില്ല. ഇന്ത്യക്കാര്‍ക്ക് ഡിപ്ലോമസിയും പ്രൈവസിയും എന്താണെന്ന് അറിയില്ല. അവരെ മാറ്റാനും കഴിയില്ല. അങ്ങനെയാണ് ഞാനും എന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്,” മംമ്ത പറഞ്ഞു.

content highlight: acress mamtha mohanda about her vittiligo disease

We use cookies to give you the best possible experience. Learn more