താന്‍ നായികയായി അരങ്ങേറിയ രണ്ടാം ഭാവം എന്ന സിനിമ റിലീസ് ആയപ്പോള്‍ താന്‍ സിനിമ വിട്ട് പോകുകയാണ് ചെയ്തതെന്ന് നടി ലെന.
അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണ് താനിന്ന് കാണുന്ന വ്യക്തിയായതെന്നും ആരും അത്രയും ബോള്‍ഡായ ഡിസിഷന്‍ എടുക്കില്ലെന്നും ജിഞ്ചര്‍ മീഡിയ എന്‍ര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു.
‘രണ്ടാം ഭാവം എന്ന സിനിമ റിലീസ് ആയ മാസം ഞാന്‍ സിനിമ വിട്ട് പോകുകയാണ് ചെയ്തത് . ഹീറോയിന്‍ ആയിട്ട് അഭിനയിച്ച സിനിമ റീലീസാവുമ്പോള്‍ സിനിമ വേണ്ട, പഠിച്ചാല്‍ മതിയെന്ന് കരുതി ഞാന്‍ ബോംബെയിലേക്ക് പോകുകയാണ്.
പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യാനാണ് പോയത്. അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണ് ഞാനിന്ന് കാണുന്ന വ്യക്തിയായത്. പല ആളുകളും അത്രയും ബോള്‍ഡായ ഡിസിഷന്‍ എടുക്കില്ല.
താന്‍ ചെയ്തത് മണ്ടത്തരമാണെന്ന് കുറേയാളുകള്‍ പറഞ്ഞിരുന്നെന്നും അന്ന് തെറ്റായ ഡിസിഷനാണെടുത്തതെങ്കില്‍ തനിക്ക് നല്ല കഥാപാത്രങ്ങള്‍ പലതും ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നും നടി പറഞ്ഞു. നായികയെക്കാള്‍ നിലനില്‍പുള്ളത് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കാണെന്നും ലെന പറഞ്ഞു.
‘അന്ന് കുറേയാളുകള്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നും സിനിമയില്‍ ഇങ്ങനെയുള്ള അവസരങ്ങള്‍ കിട്ടുമ്പോള്‍ ആരെങ്കിലും അതൊഴിവാക്കുമോ എന്നൊക്കയായിരുന്നു ചോദ്യങ്ങള്‍. പക്ഷേ ഞാനെന്റെ ഉള്‍വിളി കേട്ടാണ് ജീവിച്ചത്. അതുകൊണ്ട് ഞാന്‍ ബോള്‍ഡാണ്, ‘ ലെന പറഞ്ഞു.
Content Highlights: Actress Lena about Randam Bhavam Movie and her boldness