ന്യൂദല്‍ഹി: പശുക്കടത്താരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ വെറുതെവിട്ടത് രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഖാന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍. കേസില്‍ വിധിപ്രഖ്യാപനം കഴിഞ്ഞ് ഉടനെയായിരുന്നു അഭിഭാഷകനായ അക്തര്‍ ഹുസൈന്‍ ന്യൂസ് 18-നോട് ഇക്കാര്യം പറഞ്ഞത്.
‘ഇത്തരം വിധിപ്രഖ്യാപനങ്ങള്‍ രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകും. അന്വേഷണത്തില്‍ പൊലീസ് വരുത്തിയ വീഴ്ചകളാണ് എല്ലാവരെയും വെറുതെവിടാന്‍ കാരണം.
ഒന്നിലധികം തവണ അന്വേഷണത്തില്‍ മനഃപൂര്‍വം പിഴവ് വരുത്താന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ഒന്നാമതായി, സംഭവത്തിന്റെ വീഡിയോ ഫൊറന്‍സിക് ലാബുകളിലേക്ക് ആ സമയം അയച്ചിരുന്നില്ല.
ഈ വീഡിയോയില്‍ നിന്നെടുത്ത ഫോട്ടോകള്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കും അയച്ചില്ല. അതുകൊണ്ട് സ്വീകാര്യമായ തെളിവായി കോടതി അതിനെ സ്വീകരിക്കാത്തത്.
പൊലീസ് യഥാസമയം പ്രവര്‍ത്തിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നോ? എനിക്കറിയില്ല.
പക്ഷേ പൊലീസ് ഈ കേസില്‍ മനഃപൂര്‍വം വെള്ളം ചേര്‍ത്തതാണ്. ഞങ്ങള്‍ പഴുതില്ലാത്ത തെളിവാണ് കൊടുത്തത്. വീഡിയോ കൂടാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. അതില്‍ ബാഹ്യമായേറ്റ മുറിവുകളാണ് മരണത്തിനു കാരണമെന്നു പറയുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.
ഇന്നാണ് കേസിലെ ആറു പ്രതികളെയും രാജസ്ഥാനിലെ വിചാരണക്കോടതി വെറുതെവിട്ടത്.
ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ അക്രമികളുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ വിചാരണ ആഗസ്റ്റ് 7 ന് പൂര്‍ത്തിയായിരുന്നു. കേസില്‍ ആകെ 9 പ്രതികളാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവര്‍ ജാമ്യത്തിലാണ്. ഇവരുടെ കേസ് ജുവനൈല്‍ കോടതിയിലാണ് വിചാരണ ചെയ്യുന്നത്.
കോടതി ഉത്തരവ് പഠിച്ച ശേഷം ഹൈക്കോടതിയില്‍ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യോഗേന്ദ്ര ഖതാന പ്രതികരിച്ചു.
വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മിയോ പഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ മുഹമ്മദ് ആവര്‍ത്തിച്ചു. പെഹ്ലു ഖാന്‍ മിയോ മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ്.