ആസിഡ് വില്പനയ്ക്ക് നിയന്ത്രണം: സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം
India
ആസിഡ് വില്പനയ്ക്ക് നിയന്ത്രണം: സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2013, 12:35 am

[]ന്യൂദല്‍ഹി: ആസിഡ് ആക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആസിഡ് വില്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. []

മതിയായ രേഖകളില്ലാതെ ആസിഡ് വില്ക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗരേഖയിലുള്ളത്.

സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആസിഡ് വില്ക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്

18 വയസിന് താഴെയുള്ളവര്‍ക്ക് ആസിഡ് വില്ക്കാന്‍ അനുമതിയില്ല. ആസിഡിന്റെ ഉപയോഗം, വാങ്ങിയ ആളിന്റെ വിലാസം എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണം.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍, റിസര്‍ച്ച് ലാബോറട്ടികള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവ ഈ രജിസ്റ്റര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആസിഡ് ആക്രമണത്തിലെ പ്രതിക്കു ജാമ്യം നല്കരുതെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ജൂലൈ 18 ന് സുപ്രീംകോടതി നിര്‍ദേശം നല്കിയിരുന്നു.

ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപ നല്കണം. കുറ്റം ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യാന്‍ നിയമനിര്‍മാണം നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു.

അടിയന്തര ചികിത്സയ്ക്കുള്ള ഒരു ലക്ഷം രൂപ 15 ദിവസത്തിനുള്ളിലും ബാക്കി തുക രണ്ട് മാസത്തിനുള്ളിലും ഇരയ്ക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കണം.
2006 ല്‍ ദല്‍ഹിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രാംകോടതി ഇടക്കാല മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.