|

നഷ്ടപരിഹാരം വൈകിയാൽ ആസിഡ് അറ്റാക്ക് ഇരകൾക്ക് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റികളെ സമീപിക്കാം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആസിഡ് ആക്രമണത്തിനിരയായ വ്യക്തികൾക്ക് നഷ്ടപരിഹാര തുക ലഭിക്കുന്നതിൽ എന്തെങ്കിലും വീഴ്ചയോ കാലതാമസമോ ഉണ്ടായാൽ സംസ്ഥാന നിയമ സേവന അതോറിറ്റികളെ (എസ്.എൽ.എസ്.എ ) സമീപിക്കാമെന്ന് സുപ്രീം കോടതി. ആസിഡ് ആക്രമണത്തിനിരയായ വ്യക്തികൾക്ക് ഫലപ്രദമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

ആക്രമണത്തിനിരയായവർക്കുള്ള നഷ്ടപരിഹാരം വൈകിപ്പിച്ചതിൽ കേന്ദ്രത്തിനും നിരവധി സംസ്ഥാനങ്ങൾക്കും മറുപടി സമർപ്പിക്കാൻ കോടതി അധിക സമയം അനുവദിക്കുകയും ചെയ്തു. ഒപ്പം ആക്രമിക്കപ്പെട്ടവർ സമർപ്പിച്ച നഷ്ടപരിഹാര അപേക്ഷകളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ചാർട്ട് സമർപ്പിക്കാൻ സംസ്ഥാന നിയമ സേവന അതോറിറ്റികളോട് കോടതി നിർദേശിക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ലക്ഷ്മി vs യൂണിയൻ ഓഫ് ഇന്ത്യ എന്ന സുപ്രധാന കേസിലെ മാർഗനിർദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും ആക്രമണത്തിനിരയായവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസ നടപടികളും നൽകണമെന്നാവശ്യപ്പെട്ട് ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന എൻ‌.ജി‌.ഒയായ സാഹസ് ആയിരുന്നു പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.

മഹാരാഷ്ട്രയിൽ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരിയുടെ നേരെ ആസിഡ് ഒഴിച്ച കേസിൽ ഉൾപ്പടെ നിരവധി കേസുകളിൽ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു.

എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് യൂണിയന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. യു.പി, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഇതുവരെ വിഷയത്തിൽ മറുപടി നൽകിയിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.

തുടർന്ന് കേന്ദ്രത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ നാല് ആഴ്ച അധിക സമയം അനുവദിച്ച കോടതി, നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസമോ വീഴ്ചയോ ഉണ്ടായാൽ ഇരകൾക്ക് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കാമെന്നും നിർദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ഇരകൾക്ക് ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എസ്.എൽ.എസ്.എയോട് കോടതി നിർദേശിക്കുകയും ചെയ്തു.

‘ആസിഡ് ആക്രമണ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ എന്തെങ്കിലും വീഴ്ചയോ കാലതാമസമോ ഉണ്ടായാൽ ഇരകൾക്ക് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട്. ആസിഡ് ആക്രമണ ഇരകളുടെ പേരും വിശദാംശങ്ങളും നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിച്ച തീയതിയും ഉൾക്കൊള്ളുന്ന ഒരു ചാർട്ട് എസ്.എൽ.എസ്.എ ഉടൻ തന്നെ തയാറാക്കണം.

ആസിഡ് ആക്രമണത്തിന് ഇരയായവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും ലീഗൽ സർവീസസ് അതോറിറ്റികൾ ഉറപ്പാക്കണം. എന്തെങ്കിലും പരാതി ലഭിച്ചാൽ അവർ ഇക്കാര്യം സ്വകാര്യ ആശുപത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമെങ്കിൽ കോടതിയെ അറിയിക്കുകയും വേണം,’ കോടതി പറഞ്ഞു.

ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ലക്ഷ്മി സമർപ്പിച്ച പൊതുതാത്പ്പര്യ ഹരജിയാണ് ലക്ഷ്മി vs യൂണിയൻ ഓഫ് ഇന്ത്യ കേസ്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി ഈ ആക്രമണങ്ങൾ തടയുന്നതിനെതിരെ പ്രചാരണം നടത്തുകയും ആക്രമണത്തിൽ അതിജീവിച്ചവരെ പിന്തുണയ്ക്കുന്നതിനായി ‘ചാൻവ് ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു എൻ‌.ജി‌.ഒ നടത്തുകയും ചെയ്യുന്നു.

15 വയസുള്ളപ്പോൾ ലക്ഷ്മി ന്യൂദൽഹിയിൽ വെച്ച് ആസിഡ് ആക്രമണത്തിനിരയാകുകയായിരുന്നു. പ്രതികളിൽ ഒരാളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനായിരുന്നു അവർ ലക്ഷ്മിയെ ആക്രമിച്ചത്. പ്രതികൾക്കെതിരെ കേസ് എടുത്തെങ്കിലും എളുപ്പത്തിൽ ജാമ്യം ലഭിക്കുകയും പുറത്തിറങ്ങിയ പ്രധാന പ്രതി വിവാഹിതനാവുകയും ചെയ്‌തതോടെ ലക്ഷ്മി നിയമപോരാട്ടം നടത്തി.

തന്റെ ഹരജിയിലൂടെ പല നിർദേശങ്ങളും ലക്ഷ്മി മുന്നോട്ട് വെച്ചു. ആസിഡ് എളുപ്പത്തിൽ വിൽക്കുന്നതും വാങ്ങുന്നതും തടയണം, ആസിഡ് ആക്രമണത്തെ ഒരു പ്രത്യേക കുറ്റകൃത്യമായി ഉൾപ്പെടുത്തി, അതിനെ ഒരു ഹീനമായ പ്രവൃത്തിയായി കണക്കാക്കുന്നതിന് ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് തുടങ്ങിയ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനൊപ്പം ഒരു പുതിയ നിയമനിർമാണം നടത്തണം, ആസിഡ് ആക്രമണത്തിലെ കുറ്റവാളികൾക്ക് ഏറ്റവും കർശനമായ ശിക്ഷ നൽകുകയും ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുകയും വേണം, ആസിഡ് ആക്രമണത്തിനിരയായ വ്യക്തികളുടെ പുനരധിവാസം നടപ്പാക്കണം എന്നിവയായിരുന്നു നിർദേശങ്ങൾ.

Content Highlight: Acid Attack Victims Can Approach State Legal Services Authorities If Compensation Is Delayed Or Defaulted: Supreme Court

Video Stories