national news
കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍
ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഐക്യദാര്‍ഢ്യവുമായി ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍. കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ ഊര്‍ജിതമാക്കുക എന്ന ആവശ്യമുയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്.
അതിജീവിതകര്‍ക്ക് അവരുടെ ജീവിതം അവസാനിക്കുന്നതിന് മുമ്പ് നീതി ലഭിക്കുമോ എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ബ്രേവ് സോഷ്യല്‍ ഫൗണ്ടേഷന്റെ സ്ഥാപകയായ ഷഹീന്‍ മാലിക് ചോദിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ നേരിടുന്ന വെല്ലുവിളികള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം ദിനംപ്രതി സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഷഹീന്‍ മാലിക് വ്യക്തമാക്കി.
‘ഇത്തരം സംഭവങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം എന്റെ ജീവിതത്തില്‍ മുമ്പ് സംഭവിച്ച കാര്യങ്ങള്‍ ഓര്‍മ്മ വരികയാണ്. ഞങ്ങളുടെ ദുര്‍ബലതയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. കുറ്റവാളികള്‍ക്ക് നമ്മുടെ ജീവിതം എളുപ്പത്തില്‍ നശിപ്പിക്കാന്‍ സാധിക്കും. കൊല്‍ക്കത്തയില്‍ നടന്ന സംഭവം വളരെ ഭീകരമാണ്. നാം അഭിമുഖീകരിക്കുന്ന നിരന്തരമായ അപകടത്തെയാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്,’ ബ്രേവ് സോള്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച റീ ഇന്റ്ഗ്രേഷന്‍- പീപ്പിള്‍ ആന്റ് പോളിസി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷഹീന്‍ മാലിക്.
‘ശക്തവും നടപ്പിലാക്കാന്‍ കഴിയുന്നതുമായ നിയമങ്ങള്‍ ഉണ്ടാവുന്നതുവരെ ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ നമ്മള്‍ പ്രതിബദ്ധരാണ്. അതിജീവിച്ചവരെ സംരക്ഷിക്കുന്നതിനും നീതിക്കുവേണ്ടി വാദിക്കുന്നതിനും അതിക്രമങ്ങള്‍ തുടരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങളുടെ ശ്രമങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍,’ ഷഹീന്‍ മാലിക് കൂട്ടിച്ചേര്‍ത്തു.
ലൈംഗികാതിക്രമമോ ആസിഡ് ആക്രമണമോ അതിജീവിക്കുന്നവര്‍ക്ക് പലപ്പോഴും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അവഗണന നേരിടേണ്ടി വരുന്നുണ്ടെന്ന് മാലിക് പറയുന്നു.എന്നാല്‍ സാമൂഹികപരമായ അവഹേളനം പലയിടങ്ങളില്‍ നിന്നും നേരിടുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണയൊന്നും ലഭിക്കുന്നില്ലെന്നും മാലിക് പറഞ്ഞു.
നിലവില്‍ അക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപവരെ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഇങ്ങനെയുള്ള ആനുകൂല്യങ്ങളൊന്നും കൃത്യമായി ലഭിക്കുന്നില്ലെന്നും ചികിത്സ ആനുകൂല്യങ്ങള്‍ പല സാഹചര്യങ്ങളിലും നിഷേധിക്കപ്പെടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. അക്രമത്തിനിരയായവര്‍ നിയമപരമായി പല പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും അഭിഭാഷകന്‍ ചൗധരി അലി സിയ കബീര്‍ പറഞ്ഞു.
‘നിയമപരമായി പല പ്രശ്നങ്ങളും ആക്രമണത്തിനിരയായവര്‍ നേരിടുന്നുണ്ട്. ഇവര്‍ക്ക് കൃത്യമായി നീതി നടപ്പിലാക്കാനും ജുഡീഷ്യല്‍ അക്കാദമികളിലെ പാഠ്യപദ്ധതികളിലുള്‍പ്പെടെ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. അവര്‍ അതിജീവിച്ചവരാണ് അതിനാല്‍ അവര്‍ക്ക് പിന്തുണ ലഭിക്കേണ്ടതുണ്ട്,’ അഭിഭാഷകന്‍ ചൗധരി അലി സിയ കബീര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിനോടും പാര്‍ലമെന്റിലും വിഷയം ഉന്നയിക്കുമെന്നും സ്വകാര്യ ബില്ലിലൂടെ വിഷയം ശ്രദ്ധയില്‍പ്പെടുത്തുമെന്നും പരിപാടിയില്‍ പങ്കെടുത്ത ആം ആദ്മി എം.പി സഞ്ജയ് സിങ്ങ് പറഞ്ഞു.
Content Highlight: Acid Attack Survivors Stand In Solidarity To Protest The Rape And Murder Of Kolkata Doctor