| Friday, 3rd April 2015, 3:37 pm

ആസിഡാക്രമണം നടത്തിയ കേസില്‍ പ്രതിക്ക് 15 വര്‍ഷത്തിന് ശേഷം തടവ്ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബീഹാര്‍: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ ബീഹാറില്‍ എഴുപതുകാരന് 10 വര്‍ഷത്തെ തടവ് ശിക്ഷയും 30,000രൂപ പിഴയും വിധിച്ചു. 15 വര്‍ഷം മുമ്പത്തെ കേസിലാണ് ബീഹാറിലെ മുസഫര്‍പൂരിലുള്ള കോടതി ബോക്‌സിംഗ് റായ് എന്ന രമാകാന്ത് റായ്ക്ക് ശിക്ഷ വിധിച്ചത്.

ആസിഡ് ആക്രമണ കേസുകളില്‍ നീതി ഉറപ്പ് വരുത്തുന്നതിനായി  2013ല്‍ നിയമഭേഗതഗതി കൊണ്ട് വന്നതിന് ശേഷം വരുന്ന ആദ്യ വിധിയാണിത്. ഐ.പി.സി 326(എ), 326(ബി) എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കൊണ്ടായിരുന്നു നിയമഭേതഗതി തയ്യാറാക്കിയിരുന്നത്.

326(എ) അടിസ്ഥാനമാക്കിയാണ് പ്രസ്തുത കേസില്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. 10 വര്‍ഷത്തില്‍ കുറയാതെയുള്ള തടവ് ശിക്ഷയും പിഴയുമാണ് ഈ നിയമം അനുശാസിക്കുന്നത്.

2000 ഏപ്രില്‍ 29നായിരുന്നു മുസഫര്‍പൂര്‍ ജില്ലയില്‍ വെച്ച് പ്രതിയായ രമാകാന്ത് റായ് രേണു എന്ന 20 വയസുള്ള യുവതിയുടെ മുഖത്തേക്കും മറ്റ് ശരീരഭാഗത്തേക്കും ആസിഡ് ഒഴിച്ചിരുന്നത്. തന്റെ കുടുംബാംഗത്തിന്റെ വിവാഹഭ്യര്‍ത്ഥന രേണുവിന്റെ മാതാപിതാക്കള്‍ സ്വീകരിക്കാത്തതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്.

വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോളായിരുന്നു രേണുവിനെതിരെ പ്രതി ആസിഡ് എറിഞ്ഞിരുന്നത്. ആക്രമണത്തില്‍ രേണുവിന്റെ മുഖത്തിന് സാരമായ പൊള്ളലേറ്റിരുന്നു. ഇത് കൂടാതെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മറ്റേ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more