കൂടംകുളം: വി.എസ് അച്യുതാനന്ദന്റെ കൂടംകുളം സന്ദര്‍ശനം തടഞ്ഞത് നിരാശാജനകമെന്ന് കൂടംകുളം സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും വി.എസ്സിന്റെ കൂടംകുളം സന്ദര്‍ശനം തടഞ്ഞത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടെ കേരളത്തിലെ മുഴുവന്‍ പേരും തങ്ങളെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഉദയകുമാര്‍ പറഞ്ഞു.[]
“ജെയ്താപൂര്‍ പ്ലാന്റ് എതിര്‍ത്ത ഇടത് പക്ഷം എന്ത് കൊണ്ട് കൂടംകുളത്തെ അനുകൂലിക്കുന്നില്ല എന്നത് മനസ്സിലാവുന്നില്ല. പഴയ റഷ്യയുമായുള്ള ബന്ധമാണോ? സാധാരണക്കാരുടെ കൂടെ നില്‍ക്കേണ്ടവരാണ് ഇടത് പക്ഷം. തമിഴ്‌നാട്ടിലെ ഇടത് പക്ഷത്തിന്റെ കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. വി.എസ്സിന്റെ വരവോടെ ഇതിലൊക്കെ വ്യക്തത വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് നാളെ ചേരാനിരിക്കുന്ന യോഗത്തില്‍ തീരുമാനിക്കും. കൂടംകുളം തമിഴ്‌നാടിന്റെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയുടെ മുഴുവന്‍ പ്രശ്‌നമാണ്. കേരളവും തമിഴ്‌നാടുമല്ലാതെ മറ്റ് സംസ്ഥാനങ്ങളും വിഷയത്തില്‍ താത്പര്യം കാണിക്കുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം പേരും കൂടംകുളം വിഷയത്തില്‍ താത്പര്യം കാണിക്കുന്നു എന്നത് നല്ല കാര്യമാണ്.” ഉദയകുമാര്‍ പറഞ്ഞു.
കൂടംകുളം സമരത്തിന് ഒരു രൂപ പോലും വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.