കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പൊലീസിലും സൈബര്‍ സെല്ലിനും വനിതാ സെല്ലിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥരെയാണ് അച്ചു ഉമ്മന്റെ പരാതി. തനിക്കെതിരെ വന്ന സൈബര്‍ ആക്രമണത്തിന്റെ ഫേസ്ബുക്ക് ലിങ്കുകള്‍ അടക്കം നല്‍കികൊണ്ടാണ് അച്ചു ഉമ്മന്‍ പരാതി നല്‍കിയിരിക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി.തോമസും സി.പി.ഐ.എം നേതൃത്വവും സൈബര്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും അച്ചു ഉമ്മനെതിരെ ഇടതുപക്ഷ അനുകൂല ഹാന്‍ഡിലുകളില്‍ വന്നിരുന്നു.
അതേസമയം, പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയവര്‍ മരണ ശേഷം കുടുംബത്തെ വേട്ടയാടുകയാണെന്ന് അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുര്‍വിനിയോഗം ചെയ്ത് ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.
‘ഈ അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടിയെന്ന വ്യക്തിക്ക് ലഭിച്ചത്. ഇതില്‍ അസ്വസ്ഥരായ വെറിപൂണ്ട വ്യക്തികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകള്‍. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചുപോയി. ഇനിയെങ്ങനെ വേട്ടയാടും. അപ്പോഴാണ് കുടുംബത്തെ കരുവാക്കി അദ്ദേഹത്തെ വീണ്ടും വീണ്ടും വേട്ടയാടുന്നത്.
പച്ചനുണകള്‍ പറഞ്ഞാണ് ഈ വേട്ടയാടല്‍. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മയ്ക്കോ സ്നേഹത്തിനോ കറപിടിപ്പിക്കാന്‍ സാധിക്കില്ല.
എന്നെ അറ്റാക്ക് ചെയ്യുന്നത് പ്രൊഫഷന്‍ മുഖേനയാണ്. നിങ്ങള്‍ പരിശ്രമിച്ച് ഒളിക്യാമറ വെച്ച് കണ്ടുപിടിച്ച ദൃശ്യങ്ങളൊന്നുമല്ലല്ലോ. ഞാന്‍ ഒരു വര്‍ഷവും ഒമ്പത് മാസവും മുമ്പ് തുടങ്ങിയ തൊഴിലിന്റെ ഭാഗമായി എന്റെ പേജില്‍ ഞാന്‍ തന്നെ അഡ്വറ്റൈസ് ചെയ്ത ദൃശ്യങ്ങളെടുത്ത് കൊണ്ടാണ് വ്യക്തിഹത്യ ചെയ്യുന്നത്,’ എന്നായിരുന്നു അച്ചു പറഞ്ഞിരുന്നത്.
അച്ചു ഉമ്മന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവര്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ നിരവധി പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു.
Content Highlights: Achu oommen filed complaint against cyber attack