| Saturday, 26th August 2023, 11:24 am

ഒളിക്യാമറ വെച്ച് കണ്ടുപിടിച്ച ദൃശ്യങ്ങളൊന്നുമല്ലല്ലോ; എന്റെ അക്കൗണ്ടില്‍ തന്നെയുള്ള ചിത്രങ്ങളെടുത്താണ് വ്യക്തിഹത്യ: അച്ചു ഉമ്മന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: അപ്പയുടെ മരണശേഷം കുടുംബത്തെ വേട്ടയാടുകയാണെന്ന് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹത്തില്‍ അസ്വസ്ഥതയുള്ളവര്‍ കള്ളക്കഥ കെട്ടിച്ചമക്കുകയാണെന്നും അച്ചു പറഞ്ഞു. താന്‍ തന്നെ തൊഴിലിന്റെ ഭാഗമായി പ്രചരിപ്പിച്ച ചിത്രങ്ങളാണിതെന്നും ഒളിവിലിരുന്ന് ആക്രമിക്കുന്നവര്‍ക്കെതിരെ എന്ത് കേസെടുക്കാനാണെന്നും അവര്‍ ചോദിച്ചു.

തനിക്കെതിരെ സമൂഹമാധ്യങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു.

‘സൈബര്‍ ആക്രമണത്തിനുള്ള മറുപടി ഫേസ്ബുക്ക് പേജില്‍ തന്നെ നല്‍കിയിട്ടുണ്ട്. ഈ അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്‌നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടിയെന്ന വ്യക്തിക്ക് ലഭിച്ചത്.

ഇതില്‍ അസ്വസ്ഥരായ വെറിപൂണ്ട വ്യക്തികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകള്‍. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചുപോയി. ഇനിയെങ്ങനെ വേട്ടയാടും. അപ്പോഴാണ് കുടുംബത്തെ കരുവാക്കി അദ്ദേഹത്തെ വീണ്ടും വീണ്ടും വേട്ടയാടുന്നത്.

പച്ചനുണകള്‍ പറഞ്ഞാണ് ഈ വേട്ടയാടല്‍. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മയ്‌ക്കോ സ്‌നേഹത്തിനോ കറപിടിപ്പിക്കാന്‍ സാധിക്കില്ല.

എന്നെ അറ്റാക്ക് ചെയ്യുന്നത് പ്രൊഫഷന്‍ മുഖേനയാണ്. നിങ്ങള്‍ പരിശ്രമിച്ച് ഒളിക്യാമറ വെച്ച് കണ്ടുപിടിച്ച ദൃശ്യങ്ങളൊന്നുമല്ലല്ലോ. ഞാന്‍ ഒരു വര്‍ഷവും ഒമ്പത് മാസവും മുമ്പ് തുടങ്ങിയ തൊഴിലിന്റെ ഭാഗമായി എന്റെ പേജില്‍ ഞാന്‍ തന്നെ അഡ്വറ്റൈസ് ചെയ്ത ദൃശ്യങ്ങളെടുത്ത് കൊണ്ടാണ് വ്യക്തിഹത്യ ചെയ്യുന്നത്,’ അച്ചു പറഞ്ഞു.

അതേസമയം അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ശുദ്ധ മര്യാദക്കേടാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസ് പ്രതികരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയെയാലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയായാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാനാകില്ലെന്നും അന്തസുള്ളവര്‍ ഇതിനെ പിന്തുണക്കില്ലെന്നും ജെയ്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

content highlights: Achu oomman about cyber attack

We use cookies to give you the best possible experience. Learn more