| Friday, 16th June 2023, 4:08 pm

എംബാപ്പെ മാത്രമല്ല, പി.എസ്.ജിയിലെ അടുത്ത സുഹൃത്തും റയല്‍ മാഡ്രിഡിലേക്ക്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ നിന്ന് 2024ഓടെ പടിയിറങ്ങുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു.

നേരത്തെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ എംബാപ്പെ ശ്രമം നടത്തിയിരുന്നെങ്കിലും ഉയര്‍ന്ന വേതനം നല്‍കി പി.എസ്.ജി താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. 2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ എംബാപ്പെ തന്റെ സ്വപ്‌ന ക്ലബ്ബായ റയലിലുമായി സൈനിങ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പി.എസ്.ജിയുടെ മൊറോക്കന്‍ സൂപ്പര്‍താരം അഷ്‌റഫ് ഹക്കിമിയും ലോസ് ബ്ലാങ്കോസുമായി കരാറിലേര്‍പ്പെടും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പി.എസ്.ജിയില്‍ എംബാപ്പെയുടെ അടുത്ത സുഹൃത്തായ ഹക്കിമി താരത്തോടൊപ്പം സ്പാനിഷ് ക്ലബ്ബിലും ഒരുമിച്ച് ബൂട്ടുകെട്ടുമെന്നാണ് സ്‌പോര്‍ട്‌സ് ഔട്‌ലെറ്റായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹക്കിമി തന്റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഫിഫ ഏജന്റായ മാര്‍ക്കോ കിര്‍ഡിമെറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോസ് ബ്ലാങ്കോസില്‍ നിന്ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ചേക്കേറിയ ഹക്കിമി തുടര്‍ന്നാണ് പാരീസിയന്‍ ക്ലബ്ബില്‍ ജോയിന്‍ ചെയ്തത്. റയലിനായി കളിച്ച 17 സീനിയര്‍ മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് ഹക്കിമിയുടെ സമ്പാദ്യം.

അതേസമയം, അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ നഷ്ടപ്പെട്ട പി.എസ്.ജിക്ക് എംബാപ്പെയുടെ പടിയിറക്കം വലിയ തിരിച്ചടിയാണ് നല്‍കുക. ഇവര്‍ക്ക് പുറമെ അഷ്‌റഫ് ഹക്കിമിയെ കൂടി നഷ്ടപ്പെടുമ്പോള്‍ അത് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയെ പ്രകോപിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Content Highlights: Achraf Hakimi wants to return to his former club Real Madrid

We use cookies to give you the best possible experience. Learn more