ലയണല്‍ മെസി പി.എസ്.ജിയിലെത്തിയപ്പോഴുണ്ടായിരുന്ന അനുഭവത്തെ കുറിച്ച് സൂപ്പര്‍താരം അഷ്‌റഫ് ഹക്കിമി മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. മെസി ബാഴ്‌സലോണ വിടുന്നുവെന്ന വാര്‍ത്ത കേട്ടതിനെക്കാള്‍ തന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം പി.എസ്.ജിയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോഴാണെന്ന് ഹക്കിമി പറഞ്ഞു.
അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിക്കുകയെന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നെന്നും അതിന് സാധിച്ചതില്‍ താന്‍ ഒത്തിരി അഭിമാനിക്കുന്നുണ്ടെന്നും ഹക്കിമി പറഞ്ഞു. ദ സണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹക്കിമി ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നത്.
‘മെസി ബാഴ്‌സലോണ വിടുകയാണെന്ന് കേട്ടപ്പോള്‍, മറ്റെല്ലാവരെയും പോലെ എനിക്കും ഉള്‍ക്കൊള്ളാനായില്ല. പക്ഷെ അദ്ദേഹം പി.എസ്.ജിയിലേക്കാണ് വരുന്നതെന്നറിഞ്ഞപ്പോള്‍, ഞാന്‍ എന്താണ് പറയുക?
അതെനിക്കൊരു സ്വപ്‌നം പോലെയായിരുന്നു. നിരവധി മികച്ച താരങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്, ആകെ മിസ് ആയിരുന്നത് മെസിയെ മാത്രമാണ്. അദ്ദേഹത്തിനൊപ്പം കളിക്കാനായതില്‍ ഞാന്‍ ഒത്തിരി അഭിമാനം കൊള്ളുന്നു.
മെസിയുടെ കൂടെ ഒരു ടെക്‌നിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടാക്കുക വളരെ എളുപ്പമുള്ള കാര്യമാണ്. കളത്തില്‍ അദ്ദേഹം ചെയ്യുന്നത് കാണുമ്പോള്‍ പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കളിക്കിടെ അദ്ദേഹം ബിഹേവ് ചെയ്യുന്ന രീതിയും എന്നെ ഇമ്പ്രെസ് ചെയ്യിച്ചിട്ടുണ്ട്,’ ഹക്കിമി പറഞ്ഞു.
അതേസമയം നിലവില്‍ ലീഗ് വണ്ണില്‍ 28 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഏപ്രില്‍ മൂന്നിന് ലിയോണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.