| Saturday, 14th October 2023, 1:48 pm

മെസിയോ എംബാപ്പെയോ? ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ഹക്കീമി പിന്തുണക്കുന്നതാരെ?

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആര് സ്വന്തമാക്കുമെന്ന് പ്രവചിച്ച് പി.എസ്.ജിയുടെ മൊറോക്കോ സൂപ്പര്‍ താരം അഷ്റഫ് ഹക്കീമി. ലയണല്‍ മെസിയാണോ കിലിയന്‍ എംബാപ്പെയാണോ അവാര്‍ഡിന് അര്‍ഹനാവുക എന്ന ചോദ്യത്തിന് ഹക്കീമി പി.എസ്.ജിയിലെ തന്റെ സഹതാരത്തിന്റെ പേരാണ് പറഞ്ഞത്.

കഴിഞ്ഞ സീസണിലെ മികച്ച പ്രകടം കണക്കിലെടുക്കുമ്പോള്‍ എംബാപ്പെയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനെന്നും സ്പോര്‍ട്സ് മാധ്യമമായ ബി ഇന്‍ സ്പോര്‍ട്സ് ഫ്രാന്‍സിനോട് ഹക്കീമി പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തോട് താരതമ്യം ചെയ്യുകയാണെങ്കില്‍ എംബാപ്പെയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം മികച്ച കളിക്കാരനാണ്. ഈ വര്‍ഷം അവാര്‍ഡ് എംബാപ്പെ സ്വന്തമാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ഹക്കീമി പറഞ്ഞു.

ഇരുതാരങ്ങള്‍ക്കും ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

എന്നാല്‍ മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Achraf Hakimi says Kylian Mbappe win the Ballon d’Or

We use cookies to give you the best possible experience. Learn more