Sports News
അസ്സലാമു അലൈക്കും എന്ന് പറ, അവര്‍ 500 യൂറോ കൂടുതല്‍ തരും; സൗദിയിലെത്തിയ നെയ്മറിനെ കളിയാക്കി പി.എസ്.ജിയിലെ സഹതാരം
ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ടാണ് സൗദി പ്രോ ലീഗ് മറ്റൊരു സൂപ്പര്‍ താരത്തെ കൂടി തങ്ങളുടെ മണ്ണിലെത്തിച്ചിരിക്കുന്നത്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനെയാണ് സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ ഹിലാല്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ലീഗ് വണ്‍ ജയന്റ്‌സായ പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു.
സൗദിയിലേക്ക് ചേക്കേറുന്ന നെയ്മറിന് ഒരു ഉപദേശം നല്‍കുകയാണ് പി.എസ്.ജിയില്‍ നെയ്മറിന്റെ സഹതാരവും മൊറോക്കന്‍ ഇന്റര്‍നാഷണലുമായ അഷ്‌റഫ് ഹാക്കിമി. സൗദി അറേബ്യയില്‍ നെയ്മര്‍ അസ്സലാലും അലൈക്കും എന്ന് പറയണമെന്നും അങ്ങനെയെങ്കില്‍ താരത്തിന് 500 യൂറോ അധിക വേതനം ലഭിക്കുമെന്നും ഹാക്കിമി തമാശപൂര്‍വം പറഞ്ഞു.
സഹതാരങ്ങളെ കാണാനും വിടപറയാനുമായി താരം പി.എസ്.ജിയിലെത്തിയപ്പോഴായിരുന്നു ഹാക്കിമിയുടെ ‘ഉപദേശം’. ഈ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഇതുകേട്ട് നെയ്മറടക്കമുള്ളവര്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ഒപ്പുവെക്കുക. വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മറിനായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാര സദൃശമായ വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മറിന് ഓഫര്‍ ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് പി.എസ്.ജി വിട്ടെന്നും സൗദിയിലേക്ക് ചേക്കെറിയെന്നുമുള്ള ചോദ്യത്തിന് നെയ്മര്‍ തന്നെ മറുപടി നല്‍കിയിരുന്നു. യൂറോപ്പില്‍ കളി ആസ്വദിച്ചിരുന്നെന്നും ഒരു ആഗോള തല കളിക്കാരനാകണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും നെയ്മര്‍ പറഞ്ഞു.
ഇക്കാരണത്തലാണ് താനിപ്പോള്‍ സൗദി ലീഗ് തെരഞ്ഞെടുത്തതെന്നും അവിടെയിപ്പോള്‍ മികച്ച താരങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്മറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘യൂറോപ്പില്‍ കുറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഞാനതെല്ലാം വളരെയധികം ആസ്വദിച്ചിട്ടുമുണ്ട്. ഒരു ആഗോള കളിക്കാരനാകാനാണ് എല്ലായിപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നത്.
പുതിയ വെല്ലുവിളികള്‍ സ്വീകരിച്ച് പുതിയ സ്ഥലങ്ങളില്‍ കളിച്ച് എന്നെത്തന്നെ പരീക്ഷിക്കണമെന്നാണ് എന്റെ ആഗ്രഹം. സൗദി അതിന് ഉചിതമായ ലീഗാണ്. നിലവില്‍ അവിടെ പ്രഗത്ഭരായ കളിക്കാരുമുണ്ട്,’ നെയ്മര്‍ പറഞ്ഞു.
Content Highlight: Achraf Hakimi jokes on Neymar’s move to Al Hilal