|

'ഞാന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും ഒപ്പം നിലകൊള്ളുന്നു'; പിന്തുണയുമായി സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാനോടുള്ള തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

നമ്മള്‍ ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് പിന്തുണയ്ക്കുന്നതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. താന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും പിന്നില്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍, ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്.

ഏത് കായിക താരത്തിനും ഉണ്ടാകാവുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുണ്ടായി. ഞാന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും പിന്നില്‍ നിലകൊള്ളുന്നു,’ സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.

മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് സച്ചിന്റെ പ്രതികരണം.

പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നൊരോപിച്ചാണ് ഹിന്ദുത്വവാദികളുെട സൈബര്‍ ആക്രമണം. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ ഷമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ഇര്‍ഫന്‍ പത്താനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Sachin Tendulkar backs Indian cricketer Mohammad Shami

Video Stories