| Monday, 19th August 2024, 4:00 pm

സൗദി വെള്ളക്ക എന്ന ചെറിയ സിനിമ താണ്ടിയ വലിയ ദൂരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയതില്‍ മനോഹരമായി മനുഷ്യബന്ധങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമകളെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുന്ന സിനിമകളിലൊന്നാണ് സൗദി വെള്ളക്ക. തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം ‘ഓപ്പറേഷന്‍ ജാവ’ സൈബര്‍ ഫോറന്‍സിക് വിഷയവുമായെത്തി തിയേറ്ററുകളില്‍ വിജയമായിരുന്നു.’സൗദി വെള്ളക്ക’ യില്‍ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് കഥയുടെ ഇതിവൃത്തം. 

ലുക്മാന്‍ അവറാന്‍, ദേവി വര്‍മ, ബിനു പപ്പു, സുജിത് ശങ്കര്‍, ഗോകുലന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. നിയമത്തെ മനുഷ്യ നന്മ കൊണ്ട് എതിരിടുക എന്ന വളരെ സെന്‍സിറ്റീവ് ആയ വിഷയത്തെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ആയിഷ റാവുത്തറും കുഞ്ഞുമോനും എത്ര പെട്ടന്നാണ് കാണികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്.

2022ല്‍ ഇറങ്ങിയ ചിത്രം രണ്ടു വര്‍ഷത്തിനിപ്പുറവും ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 70മത് ദേശിയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി സൗദി വെള്ളക്കയുടെ ചിറകിലേക്ക് ഒരു പൊന്‍തൂവല്‍ കൂടെ ചേരുകയാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതും സൗദി വെള്ളക്കയിലെ ‘ചായും വെയില്‍’ എന്ന ഗാനം ആലപിച്ച ബോംബെ ജയശ്രീക്കാണ്. 

സിനിമയുടെ ഫൈനല്‍ പോസ്റ്റര്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചിരിക്കുകയാണ്. സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഫൈനല്‍ പോസ്റ്റര്‍ വരെ സിനിമ താണ്ടിയ ദൂരം ആ പോസ്റ്ററുകളിലൂടെ വ്യക്തമാണ്.

കേരള ഫിലിം ക്രിട്ടിക്‌സ് മികച്ച ദേശീയോദ്ഗ്രഥന സിനിമ, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ സൗദി വെള്ളക്കയിലെ പ്രകടനത്തിന് ലുക്മാന് പ്രത്യേകപരാമര്‍ശം, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഗോവ-2022 ല്‍ ഗാന്ധി മെഡല്‍ അവാര്‍ഡ് മത്സരത്തിലേക്ക് തെരഞ്ഞെടുത്ത സിനിമ, ജാഗരണ്‍ ഫിലിം ഫെസ്റ്റിവല്‍ 2023 ലേക്കുള്ള ഒഫീഷ്യല്‍ സെലക്ഷന്‍, ചെന്നൈ ഫിലിം ഫെസ്റ്റിവലിലേക്കുള്ള 2022 ലെ ഒഫീഷ്യല്‍ സെലക്ഷന്‍,

21മത് പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒഫീഷ്യല്‍ സെലക്ഷന്‍, 53മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ്, 53 മത് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ്, 53മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ്,

ഇന്ത്യന്‍ പനോരമ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുള്ള ഒഫീഷ്യല്‍ സെലക്ഷന്‍, ബംഗളുരു ഫിലിം ഫെസ്റ്റിവല്‍ 2023 ലെ മികച്ച രണ്ടാമത്തെ ചിത്രം, 70മത് ഇന്ത്യന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച മലയാള സിനിമ, 70മത് ഇന്ത്യന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായികക്കുള്ള അവാര്‍ഡ്, ന്യൂയോക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ 2023 ലെ മികച്ച ചലച്ചിത്രം, എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് സൗദി വെള്ളക്ക എന്ന ചെറിയ (വലിയ) സിനിമ ഇതിനോടകം നേടിയിരിക്കുന്നത്.

Content Highlight: Achievements of Saudi Vellakka 

We use cookies to give you the best possible experience. Learn more