തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതിയെന്നു സംശയിക്കുന്ന കേഡല്‍ ജിന്‍സണ്‍
രാജ പിടിയില്‍. ആര്‍.പി.എഫാണ് കേഡലിനെ പിടികൂടിയത്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് രാജ്തങ്കം, മകള്‍ കരേലിനയുമാണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തിനു രണ്ട് ദിവസം മുമ്പായി ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളായി ഇയാളെ ഫോണില്‍ ലഭിച്ചിട്ടില്ല എന്ന് സഹോദരനും പറഞ്ഞിരുന്നു. അഞ്ച് പേരാണ് വീട്ടില്‍ താമസിച്ചിരുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊലപാതകം നടത്തിയ ശേഷം വീടിന് തീ വെയ്ക്കാന്‍ ശ്രമിച്ചതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സ്ഥിരീകരണത്തിനായി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു.
വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുമെന്നായിരുന്നു കേഡല്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇയാളുടെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.