| Saturday, 28th December 2024, 5:38 pm

പെരിയ കേസ്; കെ.വി. കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്കും അറിയാം: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പെരിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടത്തുന്ന അക്രമങ്ങള്‍ മറയ്ക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്‍.

ചീമേനിയില്‍ അഞ്ച് സി.പി.ഐ.എം നേതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസും ഇ.പി. ജയരാജന്‍ പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ കോടതി വിധി വന്നതിനുപിന്നാലെയാണ് ഇ.പിയുടെ പ്രതികരണം.

കൂത്തുപറമ്പ്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം കൊലപാതകങ്ങള്‍ ചെയ്തിട്ടുള്ള കോണ്‍ഗ്രസിന് പെരിയ കേസില്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. സി.പി.ഐ.എം എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൊലപാതകത്തെയും സി.പി.ഐ.എം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് ഒപ്പം നിന്ന് അക്രമം നടത്തുന്നവരാണ് ബി.ജെ.പി. കേരളത്തില്‍ ഇത് അനുവദിക്കില്ല. ഇത്തരം അക്രമങ്ങള്‍ മറച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

പെരിയ കേസില്‍ കുറ്റക്കാരായ സി.പി.ഐ.എം നേതാക്കളെ കുറിച്ച് ഈ നാട്ടിലെ മനുഷ്യര്‍ക്ക് അറിയാം. ഉദുമ നിയോജക മണ്ഡലത്തിലെയും കാസര്‍ഗോഡ് മേഖലയിലുള്ളവര്‍ക്കും ഈ നേതാക്കളെ കുറിച്ചറിയാം. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി സി.പി.ഐ.എമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പാര്‍ട്ടിയുടെ നിരപരാധികളായ സഖാക്കളേ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. താഴെ കിടയിലുള്ള ഒരു കോടതിയാണ് ഇപ്പോള്‍ കേസില്‍ വിധി പറഞ്ഞിട്ടുള്ളത്. ഇതിന് മുകളിലേക്കും കോടതിയുണ്ടല്ലോ. നേതാക്കളുടെ സത്യസന്ധത ജനങ്ങളെ അറിയിക്കാന്‍ നിയമപരമായി പോരാടുമെന്നും ജയരാജന്‍ പ്രതികരിച്ചു.

കെ.വി. കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് തനിക്ക് മാത്രമല്ല, ആരോപണം ഉന്നയിക്കുന്നവര്‍ക്കും അറിയാമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. കുറ്റക്കാരാണെന്ന് പറയുന്നവര്‍ക്കും അവരുടെ നിരപരാധിത്തം തെളിയിക്കാന്‍ ഇടമുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

പെരിയ കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് കോണ്‍ഗ്രസാണ്. കേസ് വാദിച്ച അഭിഭാഷകനെ പോലും കോണ്‍ഗ്രസ് വെറുതെ വിടുന്നില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

കെ.വി കുഞ്ഞിരാമന് പുറമെ  എ. പീതാംബരന്‍, ടി. രഞ്ജിത്ത്, എ.എം. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി), എ. സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി (പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി), കെ.വി. ഭാസ്‌ക്കരന്‍, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, സജി.സി.ജോര്‍ജ് തുടങ്ങിയവര്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്.

24 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പത്ത് പേരെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlight: Accusers also know that KV Kunjiraman is innocent in periya case: EP Jayarajan

We use cookies to give you the best possible experience. Learn more