കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിനിടെ പൊലീസിനേക്കാള്‍ അംഗബലം ഉള്ള സ്ഥലത്ത് സമരം നടത്താമെന്ന് അറസ്റ്റിലായ സംഘപരിവാര്‍ അനുകൂലികളായ വാട്‌സാപ്പ് അഡ്മിന്‍മാര്‍ ആഹ്വാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. വാട്‌സാപ്പ് ഗ്രൂപ്പിലെ ഇവരുടെ ശബ്ദസന്ദേശം പൊലീസ് കണ്ടെടുത്തെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച അറസ്റ്റിലായ അഞ്ചുപേരില്‍ കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാതലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.
തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചയ്തത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്. ഹര്‍ത്താലിനുശേഷവും കലാപം നടത്താനും ഇവര്‍ ആഹ്വാനം ചെയ്തു.
പൊലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ പ്രചരണത്തിനു ഗ്രൂപ്പുകള്‍ ആരംഭിച്ചത് ഹര്‍ത്താലിനു 48 മണിക്കൂര്‍ മുമ്പെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓരോ ജില്ലയിലും ഇതിനായി ഓരോ ഗ്രൂപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Also Read: ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പട്ടികപ്പെടുത്താനൊരുങ്ങി ഇന്ത്യ
സോഷ്യല്‍മീഡിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വ്യക്തമായ പ്ലാനിങ്ങോടെയാണ് ഹര്‍ത്താല്‍ കേരളത്തില്‍ അരങ്ങേറിയതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം നടന്നിരുന്നത്. ഹര്‍ത്താലിനിടെ ആക്രമത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വോയിസ് ഓഫ് ട്രൂത്ത് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
WATCH THIS VIDEO: