ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരില്‍ ഐ.എന്‍.ടി.യു.സി നേതാവുമെന്ന് പ്രതികള്‍; വെമ്പായത്ത് ഇന്ന് ഹര്‍ത്താല്‍
Kerala News
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരില്‍ ഐ.എന്‍.ടി.യു.സി നേതാവുമെന്ന് പ്രതികള്‍; വെമ്പായത്ത് ഇന്ന് ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st September 2020, 7:54 am

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ ഐ.എന്‍.ടി.യു.സി നേതാവും ഉണ്ടായിരുന്നതായി പ്രതികളുടെ മൊഴി. പിടിയിലായ സനലിന്റെ സഹോദരനും ഐ.എന്‍.ടി.യു.സി നേതാവുമായ ഉണ്ണിയും അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് പ്രതികള്‍ മൊഴിനല്‍കിയത്.

നേരത്തെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് സനലും ഐ.എന്‍.ടി.യു.സി നേതാവ് ഉണ്ണിയുമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവര്‍ക്കും അക്രമത്തില്‍ നേരിട്ട് പങ്കുണ്ടെ വിവരമാണ് പുറത്ത് വരുന്നത്.

സനലിന്റെ വീട്ടില്‍ നിന്ന് പ്രതികളുടെ വാഹനം കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. ഐ.എന്‍.ടി.യു.സി നേതാവ് ഉണ്ണി ഇപ്പോഴും ഒളിവിലാണ്.

ആക്രമി സംഘത്തിലുള്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. അതേസമയം ആക്രമണത്തില്‍ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട ഷഹീന്‍ തിരിച്ചറിഞ്ഞ അന്‍സര്‍ ആക്രമി സംഘത്തിലുണ്ടായിരുന്നില്ലെന്നാണ് പ്രതികള്‍ മൊഴിനല്‍കിയത്.

ഞായറാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക്ക് മുഹമ്മദ്, മിഥിലാജ്, ഷഹീന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഷഹീന്‍ പരുക്കുകളോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

ഫോട്ടോയിലൂടെ ഷഹീന്‍ തിരിച്ചറിഞ്ഞ അന്‍സര്‍ അക്രമം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് കസ്റ്റഡിയിലുള്ള സജീവും സനലും മൊഴിനല്‍കിയത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക വിവരം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി സമീപിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

കേസില്‍ പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ സജീവിനെയും സനലിനെയും കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ-സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങളില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് വെമ്പായം ഗ്രാമ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പൊലീസ് വിന്യാസം ശക്തമാക്കും.

ഞായറാഴ്ച രാത്രി മൂവരും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാവുന്നത്. രാത്രി 11.10ഓടെയാണ് ആക്രമണമുണ്ടാവുന്നത്. 10.45ഓടു കൂടി തന്നെ അക്രമി സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Accused statement claims INTUC leader is there with in the incident