| Monday, 6th August 2018, 2:14 pm

തൊടുപുഴ കൊലപാതകം; കൃഷ്ണനെ കൊന്നത് മാന്ത്രികശക്തി ലഭിക്കാനെന്ന് മുഖ്യപ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: തൊടുപുഴയിലെ ഒരു കുടുംബത്തിലെ നാലുപേരെ മുഖ്യപ്രതി കൊലപ്പെടുത്തിയത് മന്ത്രവാദി കൃഷ്ണന്റെ മാന്ത്രിക ശക്തി ലഭിക്കാനാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷും ഇയാളുടെ സഹായി കീരിക്കോട് സ്വദേശി ലിബീഷും ചേര്‍ന്നാണ് കൊല നടത്തിയത്.

മന്ത്രവാദിയായ കൃഷ്ണന്‍ കൊലപ്പെട്ടാല്‍ മാന്ത്രികശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന അനീഷിന്റെ അന്ധവിശ്വാസമാണ് കൊലയിലേക്ക് നയിച്ചത്. 300 മൂര്‍ത്തികളുടെ ശക്തിയാണ് കൃഷ്ണനുണ്ടായിരുന്നത്. വര്‍ഷങ്ങളായി അനീഷും ആഭിചാര ക്രിയകള്‍ നടത്താറുണ്ടായിരുന്നു.

അടുത്തിടെ തന്റെ ക്രിയകള്‍ ഫലിക്കാതെ വന്നതോടെയാണ് കൂടുതല്‍ സിദ്ധി നേടാന്‍ അനീഷ് ആലോചിച്ചത്. കൃഷ്ണനെ കൊന്നാല്‍ അയാളുടെ മന്ത്രശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന് അനീഷ് ഉറച്ച് വിശ്വസിച്ചു.


ALSO READ: തൊടുപുഴ കൂട്ടക്കൊലപാതകം; മുഖ്യപ്രതിയായ മന്ത്രവാദി പിടിയില്‍: കൊല നടത്തിയത് രണ്ടു പേര്‍ ചേര്‍ന്നെന്ന് പൊലീസ്


തുടര്‍ന്നാണ് സുഹൃത്ത് ലിബീഷുമായി ചേര്‍ന്ന് കൃഷ്ണനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് പറഞ്ഞത്.

ആറ് മാസം മുമ്പാണ് കൊലപാതകത്തിനുള്ള പദ്ധതികള്‍ തുടങ്ങിയത്. ഇതുപ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷ് ആട്ടിന്‍കൂട്ടില്‍ കയറി ആടിനെ ആക്രമിച്ചതോടെ ആടുകള്‍ കരഞ്ഞു. ഇതുകേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് വീടിനുള്ളില്‍ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. പിന്നീട് ഉറങ്ങിക്കിടന്ന രണ്ടു മക്കളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം അനീഷ് ലീബീഷിന്റെ വീട്ടിലേക്കാണ് പോയത്. എന്നാല്‍ മൃതദേഹങ്ങള്‍ അങ്ങനെ കിടന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ഇരുവരും പിന്നീട് തീരുമാനിക്കുകയായിരുന്നു.


ALSO READ; മൊബൈല്‍ ആപ്പ് വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തിയ കേസ്; യുവാവിന്റെ ഭാര്യയും പ്രതി


പിന്നീട് അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയില്‍ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. മൃതദേഹങ്ങള്‍ പരിശോധിച്ചു. അപ്പോള്‍ കൃഷ്ണനും മകന്‍ അര്‍ജുനും അര്‍ദ്ധബോധാവസ്ഥയിലിരിക്കുന്നതാണ് കണ്ടത്. ഇതേത്തുടര്‍ന്ന് ഇയാള്‍ വീണ്ടും പൈപ്പ് ഉപയോഗിച്ച് അര്‍ജുന്റെ തലയ്ക്കടിച്ചു.

പിന്നെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് വീടിനു പുറത്ത് കുഴിയെടുത്ത ശേഷം ജഡങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു.

We use cookies to give you the best possible experience. Learn more