വൈദികര്‍ തന്നെ പീഡിപ്പിച്ചെന്ന കാര്യം ഉറപ്പിച്ച് യുവതിയുടെ രഹസ്യ മൊഴി; രണ്ട് വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍
Kerala News
വൈദികര്‍ തന്നെ പീഡിപ്പിച്ചെന്ന കാര്യം ഉറപ്പിച്ച് യുവതിയുടെ രഹസ്യ മൊഴി; രണ്ട് വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 9:36 am

തിരുവല്ല: കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കാര്യം മജിസ്‌ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ച് യുവതി. തിരുവല്ല മജിസ്‌ട്രേറ്റിനു മുന്നില്‍ മണിക്കൂറുകള്‍ നീണ്ട രഹസ്യമൊഴിയിലാണ് യുവതി തന്റെ നിലപാടില്‍ ഉറച്ചുനിന്നത്.

രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ കേസില്‍ പ്രതികളായ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ ആരോപണവിധേയരായ ദല്‍ഹി ജനക്പൂരിയില്‍ ജെയ്‌സ് കെ ജോര്‍ജ്, കോഴഞ്ചേരി തെക്കേമല മണ്ണില്‍ ജോണ്‍സണ്‍ വി മാത്യു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നത്.


ALSO READ: കാത്തിരിക്കേണ്ട, ബ്ലോക്ക് ചെയ്തു; ട്വിറ്ററില്‍ അധിക്ഷേപിച്ച യുവതിക്ക് സുഷമ സ്വരാജിന്റെ മറുപടി


പ്രതികളായ ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. അതേസമയം കേസില്‍ പ്രതികളായ പത്തനംതിട്ട കുന്നന്താനം സ്വദേശി ഫാ. സോണി വര്‍ഗ്ഗീസ്, കൊല്ലം പട്ടാഴി സ്വദേശി ഫാ. ജോബ് മാത്യു എന്നിവര്‍ നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശം ഇതേവരെ ഉണ്ടായിട്ടില്ല. ജാമ്യാപേക്ഷ തീര്‍പ്പാകുന്നത് വരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസില്‍ വൈദികര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനു ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളുവെന്ന് നേരത്തേ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ യുവതി നല്‍കിയ രഹസ്യമൊഴിയിലും ബലാത്സംഗാരോപണം ആവര്‍ത്തിച്ചതോടെ അറസ്റ്റ് ഉടന്‍ ചെയ്യണമെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.