| Sunday, 24th April 2022, 1:10 pm

5000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയായ ആളാണ് മരിച്ചുപോയവരെ കുറ്റക്കാരാക്കുന്നത്; റാണാ കപൂറിന്റെ ആരോപണത്തില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രിയങ്കാ ഗാന്ധിയില്‍ നിന്ന് എം.എഫ്. ഹുസൈന്റെ ചിത്രം വാങ്ങാന്‍ നിര്‍ബന്ധിച്ചുവെന്ന യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂറിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്.

ഔദ്യോഗികമായിട്ടുള്ള പ്രതികരണം പാര്‍ട്ടി നടത്തിയിട്ടില്ലെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നാണ് പ്രതികരണം ഉണ്ടായിരിക്കുന്നത്.

5000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയായ ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് എന്താണ് പ്രതീക്ഷിക്കാനാവുക? ജീവിച്ചിരിപ്പില്ലാത്തവരെയാണ് അദ്ദേഹം സമര്‍ത്ഥമായി കുറ്റപ്പെടുത്തിയത് പേര് വെളുപ്പെടുത്താതെ ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

പ്രിയങ്കാ ഗാന്ധിയില്‍ നിന്ന് എം.എഫ്. ഹുസൈന്‍ വരച്ച ചിത്രം വാങ്ങാന്‍ നിര്‍ബന്ധിതനായെന്നും വിറ്റുകിട്ടിയ പണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഗാന്ധി കുടുംബം ഉപയോഗിച്ചെന്നുമാണ് സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ റാണ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞത്.

എം.എഫ്.ഹുസൈന്റെ പെയിന്റിംഗ് വാങ്ങാന്‍ വിസമ്മതിക്കുന്നത് ഗാന്ധി കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിന്ന് തന്നെ തടയുക മാത്രമല്ല, പത്മഭൂഷണ്‍ അവാര്‍ഡ് ലഭിക്കുന്നത് ഇല്ലാതാവുമെന്നും അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദേവ്റ തന്നോട് പറഞ്ഞതായും കപൂര്‍ ഇ.ഡിയോട് പറഞ്ഞു.

താന്‍ 2 കോടി രൂപയുടെ ചെക്കാണ് നല്‍കിയതെന്ന് കപൂര്‍ അവകാശപ്പെട്ടു, ചിത്രം വിറ്റുകിട്ടിയ പണം ഗാന്ധി കുടുംബം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി
മിലിന്ദ് ദിയോറ (അന്തരിച്ച മുരളി ദേവ്‌റയുടെ മകനും മുന്‍ കോണ്‍ഗ്രസ് എം.പിയും) തന്നെ രഹസ്യമായി അറിയിച്ചതായും കപൂര്‍ ആരോപിച്ചു.

സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സാഹായിച്ചുകൊണ്ട് താന്‍ (കപൂര്‍) കുടുംബത്തിന് ഒരു നല്ല പ്രവൃത്തി ചെയ്തുവെന്ന് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ തന്നോട് പറഞ്ഞതായും കപൂര്‍ ഇ.ഡിയോട് പറഞ്ഞു. ‘പത്മഭൂഷണ്‍’ അവാര്‍ഡിന് പരിഗണിക്കുമെന്നും പറഞ്ഞതായി കപൂര്‍ ആരോപിച്ചു.

Content Highlights: “Accused People Who Aren’t Alive”: Congress Sources On Rana Kapoor Charges

We use cookies to give you the best possible experience. Learn more