കല്‍പ്പറ്റ: വയലില്‍ കളിച്ചുകൊണ്ടിരുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചക്കിട്ടപൊയില്‍ പണിയ കോളനിയിലെ 6-7 വയസുള്ള മൂന്ന് വിദ്യാഥികള്‍ക്കാണ് പരിക്കേറ്റത്. അടിയേറ്റ മൂന്ന് കുട്ടികളുടെയും കാലിലും വയറിന്റെ ഭാഗത്തും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേണിച്ചിറ പൊലീസ് വയല്‍ ഉടമയും സമീപവാസിയുമായ രാധാകൃഷ്ണനെതിരെ കേസെടുത്തു.
വലിയ ശീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളുടെ കാലിലും പുറത്തും തല്ലുകയായിരുന്നു. ജന്മനാ വാല്‍വിന് തകരാറുള്ളതും ശസ്ത്രക്രിയ കഴിഞ്ഞതുമായ ആറ് വയസുകാരനാണ് കൂടുതല്‍ പരിക്ക്. ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ആറുവയസുകാരന്റെ കാലിന് ഉള്‍പ്പെടെ മുറിവേറ്റിട്ടുണ്ട്.
കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ പനമരം ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് കോളനിയിലുള്ളവര്‍ കേണിച്ചിറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് നാലോടെ കോളനിക്ക് സമീപമുള്ള വയലില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സംഭവം. കളിക്കുന്നതിനിടെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചെന്നാരോപിച്ച് സ്ഥലമുടമ രാധാകൃഷ്ണന്‍ കുട്ടികളെ വടിയെടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചെന്നാരോപിച്ച് സമീപത്ത് താമസിക്കുന്നയാളാണ് മര്‍ദിച്ചതെന്ന് പൊലീസിന് കുട്ടികള്‍ മൊഴി നല്‍കി.
എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ട് വരെയും പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
CONTENT HIGHLIGHTS: Accused of vandalizing the ridge; Adivasi students who were playing in the field were brutally beaten