| Monday, 10th April 2023, 8:58 pm

സര്‍ക്കാരിനെ അട്ടിമറിക്കുന്നുവെന്ന് ആരോപണം; മനുഷ്യാവകാശ പ്രവര്‍ത്തകരെ 10 വര്‍ഷത്തിലധികം ജയിലിലടച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ചൈനയിലെ രണ്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ 10 വര്‍ഷത്തിലധികം ജയിലിലടച്ചതായി റിപ്പോര്‍ട്ട്. സു സിയോങിനെയും ദിങ് ജിയാക്‌സിയെയും ആണ് സര്‍ക്കാരിനെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജയിലിലടച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ വിചാരണക്ക് ശേഷം സു സിയോങ്ങിനെ 14 വര്‍ഷം തടവിലാക്കിയിരിക്കുന്നതായി അഭിഭാഷക സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു.

നേരത്തെ സു കൊവിഡ് 19 കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതില്‍ പ്രസിഡന്റ് ഷിയോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

12 വര്‍ഷത്തെ തടവാണ് ദിങ്ങിന് വിധിച്ചിരിക്കുന്നത്.

‘ കോടതി വിധികള്‍ പ്രസിദ്ധീകരിക്കുന്നതിന് അവരുടെ അഭിഭാഷകരെ വിലക്കിയിരിക്കുകയാണ്. ഏത് കുറ്റമാണ് ചുമത്തിയതെന്നോ എങ്ങോട്ടാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നോ അറിയാന്‍ പറ്റാത്ത സാഹചര്യമാണ്,’ ദിങ്ങിന്റെ ജീവിത പങ്കാളിയായ ലിയോ ഷെങ്ചുന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പാര്‍ട്ട് ചെയ്തു.

വളരെ പെട്ടെന്ന് ഇരുവരെയും ജയിലിലേക്ക് അയക്കാന്‍ താന്‍ സമ്മതിക്കില്ലെന്നും ലിയോ ഷെങ്ചുന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന് വേണ്ടി നിലക്കൊള്ളുന്നവരെ ഷി ജിന്‍പിങ്ങിന്റെ ചൈന എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന തെളിവാണീ സംഭവമെന്ന് മനുഷ്യാവകാശ സംഘടനയിലൊരാളായ വില്യം നീ ട്വീറ്റ് ചെയ്തു.

എന്നാല്‍ ചൈന ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

content highlight: Accused of subverting the government; China jails human rights activists for more than 10 years

Latest Stories

We use cookies to give you the best possible experience. Learn more