| Sunday, 23rd October 2022, 4:02 pm

ടോയ്‌ലെറ്റ് സീറ്റ് മോഷ്ടിച്ചെന്ന് ആരോപണം; ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് ബി.ജെ.പി നേതാവും സഹായികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ടോയ്‌ലെറ്റ് സീറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ബെഹ്‌റിച്ചിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാവായ രാധേശ്യാം മിശ്രയും രണ്ട് സഹായികളും ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. ടോയ്‌ലെറ്റ് സീറ്റ് മോഷ്ടിച്ചെന്ന് ആരോപണത്തിന് പിന്നാലെ സംഘം ചേര്‍ന്ന് നാട്ടുകാര്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രതികള്‍ പകര്‍ത്തിയിരുന്നു.

യുവാവിന്റെ തലമുടിയുടെ പകുതി ഭാഗം അക്രമകാരികള്‍ വടിച്ചു. മുഖത്ത് കരി ഓയില്‍ ഒഴിച്ചതായും ഡെക്കാന്‍ ?ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജേഷ് കുമാര്‍ എന്ന യുവാവിനെയാണ് മര്‍ദിച്ചത്.

രാധേശ്യാം മിശ്രയും സഹായികളും രാജേഷിനെ തൂണിനോട് ചേര്‍ത്ത് കെട്ടിയ ശേഷം ഉപദ്രവിക്കുകയായിരുന്നു. ഹര്‍ദി മേഖലയിലെ ഒരു വീട്ടില്‍ നിന്ന് ടോയ്‌ലെറ്റ് സീറ്റ് മോഷ്ടിച്ചുവെന്നായിരുന്നു രാജേഷിനെതിരായ ആരോപണം.

ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ് രാജേഷ്. രാജേഷിനെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യങ്ങളില്‍ ജനക്കൂട്ടം സംഭവം നോക്കി നില്‍ക്കുന്നും വീണ്ടും ഉപദ്രവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാം. സംഭവത്തില്‍ രാജേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കേസില്‍ പ്രതിയായ മിശ്ര ഒളിവിലാണെന്നും ഇയാളുടെ സഹായികള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബി.ജെ.പി നേതാവും സഹായികളും ജാതി അധിക്ഷേപം നടത്തിയെന്നും രാജേഷ് കുമാര്‍ പരാതിയില്‍ പറയുന്നു.

Congress highlight: Accused of stealing a toilet seat; Dalit youth tied up and beaten up by BJP leader and his aides

We use cookies to give you the best possible experience. Learn more