വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതില്‍ എന്താണ് തെറ്റ്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
national news
വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതില്‍ എന്താണ് തെറ്റ്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2022, 3:42 pm

ന്യൂദല്‍ഹി:വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതില്‍ തെറ്റില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ഇന്ത്യയുടെ പൈതൃകം, സംസ്‌കാരം, പൂര്‍വ്വികര്‍ എന്നിവയില്‍ അഭിമാനം തോന്നണമെന്നും കൊളോണിയല്‍ ചിന്തകള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ സ്വത്വത്തില്‍ അഭിമാനിക്കാന്‍ പഠിക്കണമെന്നും നായിഡു പറഞ്ഞു.

‘ ഞങ്ങള്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു എന്ന് ആരോപിക്കപ്പെടുന്നു, കാവിയില്‍ എന്താണ് തെറ്റ്? നമ്മുടെ പുരാതന ഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന തത്ത്വചിന്തകളായ സര്‍വേ ഭവന്തു സുഖിനഃ (എല്ലാവരും സന്തോഷവാനായിരിക്കുക) വസുധൈവ് കുടുംബകം (ലോകം ഒരു കുടുംബം) എന്നിവയാണ് ഇന്നും ഇന്ത്യയുടെ വിദേശനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളാണ്,’ അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലും കര്‍ണാടകയിലും സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനം വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുയാണ് നായിഡുവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്.
ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന് പിന്നാലെ കര്‍ണാടകയും സമാനമായ തീരുമാനം എടുക്കുകയായിരുന്നു.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഭഗവത് ഗീത പഠിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. നാഗേഷ് പറഞ്ഞത്.

 

Content Highlights: “Accused Of Saffronising Education, What Is Wrong With It”: Vice President