| Saturday, 27th May 2023, 7:53 pm

രാഷ്ട്രപതിയെ ജാതി പറഞ്ഞ് അപമാനിച്ചുവെന്ന് ആരോപണം; ഖാര്‍ഗേക്കും കെജ്‌രിവാളിനുമെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജാതി മുന്‍നിര്‍ത്തി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കും ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനുമെതിരെ സുപ്രീം കോടതിയില്‍ പരാതി. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്ദല്‍ ആണ് പരാതി നല്‍കിയത്.

പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തില്‍ ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിക്കാത്തതിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സമൂഹത്തില്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കള്‍ ജാതിയെ കുറിച്ച് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് പരാതിയില്‍ പറയുന്നു.

ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ദല്‍ഹി പൊലീസ് കമ്മീഷണറായ സഞ്ജയ് അറോറയോടും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

‘ഞാന്‍ നിയമം അനുസരിക്കുന്ന പൗരനാണ്. സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും രാഷ്ട്രപതിക്കെതിരെ ജാതിയുടെ പേരില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കുമെതിരെയും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ ഹിന്ദിയില്‍ നല്‍കിയ ട്വീറ്റുകളും വിനീത് പങ്കുവെച്ചിരുന്നു. ഇരുവരുടെയും പ്രസ്താവനകള്‍ ബോധപൂര്‍വമാണെന്നും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

‘ഈ പ്രസ്താവനകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആദിവാസി വിഭാഗങ്ങളിലും എസ്.ടി വിഭാഗങ്ങളിലുമുള്ളവരില്‍ പ്രകോപനമുണ്ടാക്കുന്നു.

രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം ഉയര്‍ന്ന ഭരണഘടനാ പദവികളെ അപമാനിക്കുന്ന തലത്തിലേക്ക് മാറാന്‍ അനുവദിക്കരുത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അവിശ്വാസം സൃഷ്ടിക്കാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ കാരണമാകും. ഇത് 121, 153എ, 505, 34 ഐ.പി.സി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണിത്,’ പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് മോദി ദളിത് സമുദായത്തില്‍ നിന്നും രാഷ്ട്രപതിയെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഖാര്‍ഗേ പറഞ്ഞിരുന്നു.

‘ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെയും ക്ഷണിച്ചില്ല. റിപ്പബ്ലിക് ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സ്ഥാപനമാണ് പാര്‍ലമെന്റ്. പാര്‍ലമെന്റിന്റെ പരമാധികാരം രാഷ്ട്രപതിക്കാണ്.

അവരാണ് രാജ്യത്തിന്റെ പ്രഥമ പൗര. അവരാണ് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രാജ്യത്തിന്റെ മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം അവരെ കൊണ്ട് ചെയ്യിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും.

മോദി സര്‍ക്കാര്‍ വീണ്ടും നടപടികളെ അവഹേളിക്കുകയാണ്. ബി.ജെ.പി- ആര്‍.എസ്.എസ് സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസ് ടോക്കണിസമായി ചുരുങ്ങിപ്പോയി,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

content highlight: Accused of insulting the Prime Minister on the basis of caste; Complaint against Kharge and Kejriwal

We use cookies to give you the best possible experience. Learn more