national news
ബില്‍ക്കിസ് ബാനു കേസിലെ പ്രതി അഭിഭാഷകന്‍; കുറ്റവാളി എങ്ങനെ വക്കീലാകും; ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി
ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി അഭിഭാഷകനായതില്‍ അതിശയപ്പെട്ട് സുപ്രീം കോടതി. കുറ്റം തെളിഞ്ഞതിന് ശേഷം നിയമപരിശീലനത്തിനുള്ള ലൈസന്‍സ് നല്‍കാമോയെന്ന് കോടതി ചോദിച്ചു. നിയമവൃത്തി മഹത്തായ തൊഴിലാണെന്നാണ് കരുതിയതെന്നും ജസ്റ്റിസ് ബി.വി.നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
2022ലെ ഗുജറാത്ത് കലാപത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ച സുപ്രീം കോടതിക്ക് മറുപടിയായാണ് രാധേഷ്യം ഷാക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റിഷി മല്‍ഹോത്ര, ഷാ ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നുവെന്ന് അറിയിച്ചത്. പ്രതികാര നടപടിയല്ല ശിക്ഷയുടെ ലക്ഷ്യമാകേണ്ടതെന്നും കുറ്റവാളിയെ നവീകരിക്കുകയും പുനരധിവസിപ്പിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹം ജയിലിലെ പരിഷ്‌കരണ പരിപാടികളിലും തിരുത്തല്‍ പരിപാടികളിലും പങ്കെടുത്ത് നല്ല സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആര്‍ട്‌സ്, സയന്‍സ്, ഗ്രാമീണ വികസനം എന്നിവയില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജയില്‍ ഓഫീസിലും അദ്ദേഹം ജോലി ചെയ്തു. കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പേ അദ്ദേഹം ബിരുധദാരിയാണ്.
അതുമാത്രമല്ല, ഷാ ജയിലിലെ പാരാ ലീഗല്‍ വളന്റിയറായി ജോലി ചെയ്യുകയും തടവുകാര്‍ക്ക് നിയമസഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കീഴ്‌ക്കോടതികളിലെ മോട്ടോര്‍ വാഹനാപകട ക്ലെയിം ലോയറായി ജോലി ചെയ്തു,’ മല്‍ഹോത്ര പറഞ്ഞു.
തുടര്‍ന്ന് ഷാ ഇപ്പോഴും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.
‘അതെ. അദ്ദേഹമിപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം കുറ്റവാളിയാകുന്നതിന് മുമ്പ് തന്നെ അഭിഭാഷകന്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും പ്രാക്ടീസ് ആരംഭിച്ചു,’ എന്നാണ് മല്‍ഹോത്ര മറുപടി പറഞ്ഞത്.
നിയമവൃത്തി മഹത്തായ തൊഴിലാണെന്നും പ്രതിയായ ഒരാള്‍ക്ക് നിയമം പ്രാക്ടീസ് ചെയ്യാന്‍ എങ്ങനെ ലൈസന്‍സ് ലഭിക്കുമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ ചോദിച്ചു.
എന്നാല്‍ പാര്‍ലമെന്റേറിയന്‍ എന്നതും മഹത്തായ തൊഴിലാണെന്നും അവരും നിരന്തരം കുറ്റവാളികളാകുന്നില്ലെയെന്നുമാണ് മല്‍ഹോത്ര പ്രതികരിച്ചത്.
ഇതല്ല ഇവിടുത്തെ പ്രശ്‌നമെന്ന് പറഞ്ഞ ഭുയാന്‍ ബാര്‍ കൗണ്‍സിലാണ് ഉത്തരം പറയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
‘അതല്ല ഇവിടുത്തെ പ്രശ്‌നം. ബാര്‍ കൗണ്‍സില്‍ അനുവദിച്ചോ? ഒരു പ്രതിയെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കാന്‍ പാടുണ്ടോ? ഇയാള്‍ പ്രതിയാണ്. അതിന് ഒരു സംശയവുമില്ല,’ ഭുയാന്‍ പറഞ്ഞു.
ഷാ തന്റെ മുഴുവന്‍ ശിക്ഷയും അനുഭവിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മല്‍ഹോത്രയുടെ വാദത്തെ ജസ്റ്റിസ് നാഗരത്‌നയും എതിര്‍ത്തു.
‘ ഷാ മുഴുവന്‍ ശിക്ഷയും പൂര്‍ത്തിയാക്കിയിട്ടില്ല. ശിക്ഷ നിലനില്‍ക്കുന്നുണ്ട്. ശിക്ഷയില്‍ ഇളവ് മാത്രമേ നല്‍കിയിട്ടുള്ളു. അങ്ങനെയാണ് എസ്.വി രാജു (ഗുജറാത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍) കഴിഞ്ഞ ദിവസം ഞങ്ങളോട് പറഞ്ഞത്,’ നാഗരത്‌ന പറഞ്ഞു.
അതേസമയം ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ പ്രതികള്‍ക്കോ ഗുജറാത്ത് സര്‍ക്കാരിനോ കഴിയില്ലെന്ന് വ്യാഴാഴ്ച സുപ്രീം കോടതി വ്യക്തമാക്കി. ശിക്ഷ ഇളവ് ചെയ്ത ഉത്തരവിനെയാണ് ബില്‍ക്കിസ് ബാനുവും മറ്റ് ഹരജിക്കാരും ചോദ്യം ചെയ്തതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു 11 പ്രതികള്‍ക്കും ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷ ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചത്.
CONTENT HIGHLIGHTS: Accused lawyer in Bilkis Banu case; Supreme Court questioned how a criminal can become a lawyer