Advertisement
national news
ഉമേഷ് പാല്‍ കൊലപാതകക്കേസ് പ്രതി യു.പി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 06, 06:28 am
Monday, 6th March 2023, 11:58 am

ന്യൂദല്‍ഹി: ബി.എസ്.പി എം.എല്‍.എ കൊലക്കേസിലെ ദൃക്‌സാക്ഷിയായ ഉമേഷ്പാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഉസ്മാന്‍ എന്ന യുവാവാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഉമേഷ് പാല്‍ കൊലപാതകത്തില്‍ പേരുചേര്‍ക്കപ്പെട്ട ആറുപേരില്‍ ഒരാളായിരുന്നു ഉസ്മാന്‍.

2005ലായിരുന്നു യു.പിയിലെ ബി.എസ്.പി എം.എല്‍.എ രാജു പാല്‍ കൊല ചെയ്യപ്പെടുന്നത്. സംഭവത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്ന ഉമേഷ് പാല്‍ എന്നയാളെ 2023 ഫെബ്രുവരിയില്‍ ആറംഗ സംഘം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു.

പട്ടാപ്പകല്‍ നടന്ന ഏറ്റുമുട്ടലില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയ്‌ക്കെതിരായ വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം ഉമേഷ് പാലിനെ കൊലപ്പെടുത്തിയവരെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ ശലഭ ത്രിപാഠിയും രംഗത്തെത്തിയിരുന്നു.

‘ഉമേഷ് പാലിനെ കൊലപ്പെടുത്തിയവരെ കൊല്ലുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് നടന്നു കഴിഞ്ഞു. ഉമേഷ് പാലിന്റെ ശരീരത്തിലേക്ക് ആദ്യ വെടിയുതിര്‍ത്തയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,’ എന്നായിരുന്നു ത്രിപാഠിയുടെ ട്വീറ്റ്.

ഉസ്മാനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രയാഗ് രാജ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ബദ്രി വിശാല്‍ സിങ്ങിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Content Highlight: Accused in Umesh pal murder case killed in encounter