|

തൂണേരി ഷിബിന്‍ വധക്കേസ്; പ്രതികള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികള്‍ പിടിയില്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികളാണ് അറസ്റ്റിലായത്. നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കേസില്‍ വിചാരണ കോടതി വെറുതെവിട്ട ഏഴ് പ്രതികള്‍ കുറ്റക്കാരാണ് ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാദാപുരം പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

നാളെ (ചൊവ്വാഴ്ച) ഷിബിന്‍ വധക്കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ദോഹയില്‍ നിന്നെത്തിയ നാല് പ്രതികളെയും ദുബായില്‍ നിന്നെത്തിയ രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. തുടര്‍ന്ന് ഐ.പി.സി പ്രകാരം കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പിക്കല്‍ (324), കലാപമുണ്ടാക്കല്‍ (147), കുറ്റവാളികളെ ഒളിപ്പിക്കല്‍ (212), തെളിവ് നശിപ്പിക്കല്‍ (201) എന്നീ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

വര്‍ഗീയവും രാഷ്ട്രീവുമായ കാരണങ്ങളാല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ഷിബിന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. 2016 മെയില്‍ കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെവിട്ടതോടെ പ്രതികള്‍ വിദേശത്തേക്ക് പോയി.

പിന്നാലെ കോടതി വിധിയെ ചോദ്യം ചെയ്ത് ഷിബിന്റെ അച്ഛന്‍ ഹൈക്കോതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2024 ഒക്ടോബര്‍ നാലിന് വിചാരണ കോടതി വെറുതെവിട്ട കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി. ഒക്ടോബര്‍ 15നകം അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശവും നല്‍കി.

Content Highlight: Accused in Thuneri Shibin murder case arrested

Latest Stories