പാലക്കാട്: മൂന്ന് കോടിയുടെ തട്ടിപ്പ് കേസില്‍ പാലക്കാട് നിന്ന് അറസ്റ്റിലായ കെ.സി. കണ്ണന്‍ ആര്‍.എസ്.എസിന്റെ മുന്‍ സഹസര്‍കാര്യവാഹെന്ന് റിപ്പോര്‍ട്ട്. ജോയിന്റ് ജനറല്‍ സെക്രട്ടറിക്ക് തുല്യമായ സഹസര്‍കാര്യവാഹിന് ആര്‍.എസ്.എസിന്റെ അഖിലേന്ത്യ നേതൃത്വത്തില്‍ മൂന്നാം സ്ഥാനമാണ് ഉള്ളത്.
സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞ് മൂന്നര കോടി തട്ടിയ കേസിലാണ് കെ.സി. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.സി. കണ്ണനും പങ്കാളിയായ ബീജ ഭായിയും ബെംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറിയുടെ ഉപകരണങ്ങള്‍ പൊളിച്ചുവില്‍ക്കുന്നതിന്റെ മറവില്‍ പണം തട്ടിയതായാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
എ.ബി.വി.പിയുടെ മുന്‍ ദേശീയ നേതാവായ ആന്ധ്രപ്രദേശ് കടപ്പ സ്വദേശി പ്രഭാകര്‍ റാവുവാണ് ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.സി.എല്‍ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഉടമ. കമ്പനി പൂട്ടിയപ്പോള്‍ പാര്‍ട്ടി ബന്ധം ഉപയോഗപ്പെടുത്തികൊണ്ട് സ്‌ക്രാപ് വിറ്റഴിച്ചു തരാമെന്നുപറഞ്ഞ് ഇരുവരും പ്രഭാകര്‍ റാവുവുമായി 17 കോടിയുടെ കരാറിലേര്‍പ്പെട്ടു.
പിന്നാലെ ഈ കരാര്‍ കൈമാറ്റം ചെയ്തുകൊണ്ട് പ്രതികള്‍ സ്‌ക്രാപ്പ് തരാമെന്ന് പറയുകയും ബെംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയില്‍നിന്ന് അഡ്വാന്‍സായി മൂന്നരക്കോടി വാങ്ങുകയും ചെയ്തു. എന്നാല്‍ മധുസൂദന റെഡ്ഡിക്ക് പ്രതികള്‍ സ്‌ക്രാപ് നല്‍കുകയോ പണം മടക്കി കൊടുക്കുകയോ ചെയ്തില്ല. തുടര്‍ന്ന് മധുസൂദന റെഡ്ഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം തട്ടിയ കേസില്‍ ബി.ജെ.പി ജില്ലാ ട്രഷറര്‍, ബി.എം.എസ് ജില്ലാ സെക്രട്ടറി, മുന്‍ ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ വെള്ളിയാഴ്ച്ച ചെങ്ങന്നൂര്‍ പൊലീസ് കേസ് എടുത്തു.
ചെങ്ങന്നൂരിലെ കീഴിച്ചേരിമേല്‍ ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് പ്രതികള്‍ പണം തട്ടിയത്. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ബി.എം.എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി മധു കരിപ്പാലില്‍, ബി.ജെ.പി മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ. ജയകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
Content Highlight: Accused in Rs Three crore fraud case, ex-Sahaskaryawah of RSS