| Saturday, 20th November 2021, 10:13 am

കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ അവശനിലയില്‍ മുറിയില്‍ കിടക്കുകയായിരുന്നു എഡ്വിന്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഡ്വിന്‍ ഐ.സി.യുവില്‍ ആയിരുന്നു. അതേസമയം ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച എഡ്വിനെ ചോദ്യം ചെയ്യാനായി തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ എഡ്വിന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നും കുടുംബത്തെ മാനസിക സമ്മര്‍ദത്തിലാക്കി പീഡിപ്പിച്ചെന്നും അതാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണമെന്നുമാണ് എഡ്വിന്‍ പൊലീസിനും ഡോക്ടര്‍ക്കും നല്‍കിയ മൊഴി.

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ നിലപാടറിയിക്കുന്നതിന് കേരള ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സാവകാശം തേടിയിരുന്നു. ആറാം തവണയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി സമയം തേടുന്നത്.

കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ രണ്ട് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നെങ്കിലും അത് ചെയ്തിരുന്നില്ല. പ്രതികളെ സഹായിക്കാന്‍ ഇ.ഡി ഒത്തു കളിക്കുകയാണെന്ന് ഹരജി ഭാഗവും ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ഒരുസംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

കേസില്‍ 22 പ്രതികളും 216 സാക്ഷികളുമാണുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേസില്‍ ഏഴാം സാക്ഷിയാണ്. കേസില്‍ കെ. സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും ഉള്‍പ്പെടെ 19 ബി.ജെ.പി നേതാക്കള്‍ സാക്ഷികളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more