തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്‌ന സുരേഷ്.
‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെയാണ് സ്വപ്‌ന സുരേഷ് പ്രതികരിക്കുന്നത്. ന്യൂസ് 18 കേരളയോടായിരുന്നു അവരുടെ പ്രതികരണം.
തനിക്ക് നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും ഇപ്പോള്‍ അത് നിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു. ശിവശങ്കര്‍ പറഞ്ഞിട്ടാണ് താന്‍ രാജിവെച്ചതെന്നും സ്വപ്‌ന വ്യക്തമാക്കി.
ശിവശങ്കര്‍ ഏഴെട്ടുമാസം ജയിലില്‍ കിടന്നെങ്കില്‍ താന്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. താനും ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കര്‍ സാറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അത് ശിവശങ്കറിന്റെ പുസ്തകത്തെക്കാള്‍ വലിയ രീതിയില്‍ വിറ്റുപോകുന്ന കോപ്പിയാകുമെന്നും അവര്‍ പറഞ്ഞു.
ഒരു ഫോണ്‍ കോള്‍ കൊണ്ടാണ് എന്റെ നിയമനം നടന്നത്. സത്യത്തില്‍ അതിന് അദ്ദേഹത്തോട് എനിക്ക് വലിയ നന്ദിയുണ്ട്.
തന്നെ കണ്ടാല്‍ അറിയില്ലെന്ന് പറയുന്ന വ്യക്തിക്ക് താന്‍ എന്ത് വിശദീകരണമാണ് ഇപ്പോള്‍ നല്‍കേണ്ടതെന്നും അവര്‍ ചോദിച്ചു.
എനിക്ക് ആരേയും ചെളിവാരി തേക്കേണ്ട കാര്യമല്ല. ജനങ്ങള്‍ സ്വപ്‌നാ സുരേഷിനെ മറക്കാന്‍ വേണ്ടി തന്നെയാണ് ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരും സ്വപ്‌ന സുരേഷും എല്ലാം തെറ്റാണെന്നും ശിവശങ്കര്‍ മാത്രമാണ് ശരി എന്ന് പറയുന്നതും എന്ത് അടിസ്ഥാനത്തിലാണെന്നും സ്വപ്ന ചോദിച്ചു.
തന്നെ ഈ അവസ്ഥയില്‍ ആക്കിയതില്‍ ശിവശങ്കറിന് പങ്കുണ്ട്. 3 വര്‍ഷത്തിലേറെയായി ശിവശങ്കര്‍ തന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.
ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ ഈ കേസിന്റെ ഒന്നിനേക്കുറിച്ചും ആര്‍ക്കും അറിയേണ്ടി വന്നില്ല. എന്നെ ഒരു വൃത്തികെട്ട സ്ത്രീ എന്ന രീതിയില്‍ കേസ് അവസാനിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വപ്ന സുരേഷിന്റെ സ്‌പേസ് പര്‍ക്കിലെ നിയമനത്തില്‍ ഒരു പങ്കുമില്ലെന്ന ശിവശങ്കറിന്റെ ആത്മകഥയിലെ വാദം സര്‍ക്കാര്‍ കണ്ടെത്തലുകളെ കൂടി തള്ളിക്കളയുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്പേസ് പാര്‍ക്ക് നിയമനത്തില്‍ ശിവശങ്കറിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്നായിരുന്നു ശിവശങ്കറിനെ അന്ന് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചേര്‍ന്നായിരുന്നു സ്പേസ് പാര്‍ക്ക് നിയമന ആരോപണം പരിശോധിച്ചത്.
തുടര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള അന്നത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഉത്തരവ്.
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്ന വ്യക്തിയെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ശിവശങ്കറിന് വീഴ്ച പറ്റിയെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. 2020 ജൂലൈ 17 ന് പുറത്തിറക്കിയ സസ്പെന്‍ഷന്‍ ഉത്തരവിലും ഇക്കാര്യം വിശദീകരിക്കുന്നു.