| Monday, 22nd June 2020, 6:15 pm

പ്രളയഫണ്ട് തട്ടിപ്പ്‌കേസ്; മൂന്നാം പ്രതിയായ സി.പി.ഐ.എം നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ സി.പി.ഐ.എം നേതാവ് എ.എം അന്‍വര്‍ കീഴടങ്ങി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് കീഴടങ്ങിയ അന്‍വര്‍. ഇയാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഇന്ന് ഉച്ചയോടെയാണ് അന്‍വര്‍ കമ്മീഷണര്‍ ഓഫീസില്‍ ഹാജരായത്. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. അന്‍വറിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇയാളെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

പത്തര ലക്ഷം രൂപയാണ് അന്‍വര്‍ തട്ടിയെടുത്തത്. അന്‍വറിന്റെ ഭാര്യ കേസില്‍ നാലാം പ്രതിയാണ്.

പ്രളയ തട്ടിപ്പുകേസില്‍ മാര്‍ച്ച് മാസം ആദ്യം മറ്റൊരു സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി നേതാവും ഭാര്യയും അറസ്റ്റിലായിരുന്നു. പാര്‍ട്ടി നേതാവായ നിധിനും ഷിന്റോയുമാണ് അറസ്റ്റിലായത്. ഇതിന് ശേഷം അന്‍വര്‍ ഒളിവിലായിരുന്നു.

ഇതേതുടര്‍ന്ന് അന്‍വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ഹൈക്കോടതി ജാമ്യം തള്ളുകയും ചെയ്തു.

എന്നാല്‍ അന്‍വറിന്റെ ഭാര്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്‍വറിന്റെ ഭാര്യയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹരജി നല്‍കിയിട്ടുണ്ട്.

അന്‍വറിന്റെ തട്ടിപ്പോടു കൂടിയാണ് പ്രളയഫണ്ട് തട്ടിപ്പ് കേസ് പുറത്തു വരുന്നത്. സി.പി.ഐ.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കില്‍ അന്‍വറിന്റെ അക്കൗണ്ടിലേക്ക് വന്നത് 10.54 ലക്ഷം രൂപയാണ്.

രണ്ടു ഘട്ടമായി പണം പിന്‍വലിക്കാനെത്തിയ സാഹചര്യത്തില്‍ മാനേജര്‍ക്ക് സംശയം തോന്നയിതോടെയാണ് കലക്ട്രേറ്റ് ജീവനക്കാര്‍ ഉള്‍പ്പെട്ട തട്ടിപ്പ് പുറത്തു വരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more