എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസ്; പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ കസ്റ്റഡിയില്‍
Kerala News
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസ്; പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2023, 10:48 am

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ പൊലീസ് പിടിയിലായതായി റിപ്പോര്‍ട്ട്. ഷാറൂഖ് സെയ്ഫി എന്നയാളെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതായാണ് റിപ്പോര്‍ട്ട്.

കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായും   അന്വേഷണത്തില്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായുമാണ് കേന്ദ്രമന്ത്രി പറഞ്ഞു. ഇയാളെ കേരള പൊലീസിന് ഉടന്‍ കൈമാറുമെന്നാണ് ലഭ്യമാകുന്ന വിവരം.

പൊള്ളലേറ്റ ഷാറൂഖ് രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായതെന്നുമാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ചയായിരുന്നു കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ആക്രമണം നടന്നത്.
അക്രമി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ട്രെയിന്‍ എലത്തൂരില്‍ നിന്ന് കടന്ന് പോയതിന് ശേഷമാണ് സംഭവം. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ റെയില്‍വെ ട്രാക്കില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ടരവയസുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമത്തിനിടെ ഭയന്ന് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയാണ് ഇവര്‍ മരിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ആക്രമണത്തിന് ശേഷം റെയില്‍വേ ട്രാക്കില്‍ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ബാഗ് നേരത്തേ ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി, പി. വിക്രമന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.

Content Highlights: Accused in Elathur train attack case in custody