| Saturday, 10th October 2020, 10:14 am

വാരിയെല്ലും നെഞ്ചിലെ എല്ലുകളും തകര്‍ന്നു; കൊവിഡ് സെന്ററില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചത് ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കഞ്ചാവ് കേസ് പ്രതിയായ ഷമീര്‍ കൊവിഡ് കേന്ദ്രത്തില്‍ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്ക് ക്ഷതമേറ്റെന്നും ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷമീറിന്റെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്.

സെപ്തംബര്‍ 29നാണ് പത്ത് കിലോ കഞ്ചാവുമായി തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും ഷമീറിനെയും, ഷമീറിന്റെ ഭാര്യയെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടുന്നത്. ഈസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഷമീറിനെ റിമാന്‍ഡ് ചെയ്ത ശേഷം കൊവിഡ് പരിശോധനാ ഫലം വരുന്നതു വരെ കൊവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.

കൊവിഡ് സെന്ററിലേക്ക് മാറ്റിയ ഷമീര്‍ സെപ്തംബര്‍ 30ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ ജയില്‍ ജീവനക്കാര്‍ പിടികൂടി മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷികളും ഭാര്യയും പറഞ്ഞിരുന്നു.

അന്നേദിവസം തന്നെ ഷമീറിനെ കൊവിഡ് സെന്ററിലേക്ക് കൊണ്ട് വരികയും രാത്രി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ഒക്ടോബര്‍ ഒന്നിനാണ് ഷമീര്‍ മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Accused in Drug case dead at covid centre

We use cookies to give you the best possible experience. Learn more