യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്.
കോഴിക്കോട്: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടു . യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്.
2014 ഒക്ടോബര്‍ 23നായിരുന്നു പി.ടി ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. അനാശാസ്യം നടക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.
ജയ് ഹിന്ദ് ചാനലാണ് ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ മോശമായ രീതിയില്‍ പുറത്തുവിട്ടത്. ചാനല്‍ വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് യുവമോര്‍ച്ച ആക്രമണം നടത്തിയത്. 20 ഓളം പേര്‍ അടങ്ങുന്ന സംഘം നടത്തിയ അക്രമത്തില്‍ ഹോട്ടലിന്റെ ഗ്ലാസും ഫര്‍ണീച്ചറുകളും മറ്റ് ഉപകരണങ്ങളും പൂര്‍ണ്ണമായും തകര്‍ത്തിരുന്നു.
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചുള്ള ന്യൂജനറേഷന്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യവും നിരോധിത ലഹരിമരുന്നുകളുടെ ഉപയോഗവും നടത്താന്‍ ഒത്താശ ചെയ്യുന്നുവെന്നായിരുന്നു ജയ്ഹിന്ദ് ചാനല്‍ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ന്യൂജനറേഷന്‍ റസ്റ്റോറന്റുകളില്‍ അനാശാസ്യത്തിനായി എത്തുന്നത് കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും ചാനല്‍ അവതരിപ്പിച്ച സദാചാര പോലീസിങ് വാര്‍ത്തയില്‍ പറയുന്നു.