റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷണല്‍ ജഡ്ജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി സി.ബി.ഐ. കേസില്‍ അറസ്റ്റിലയാവര്‍ കൊലപാതകം നടത്തിയതിന്റെ തലേദിവസം രാത്രി മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും ഇതില്‍ നിന്നും നിരവധി തവണ കോളുകള്‍ ചെയ്തിരുന്നെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
ജൂലൈ 28നാണ് ജഡ്ജി ഉത്തം ആനന്ദിനെ രണ്ട് പേര്‍ ചേര്‍ന്ന് വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ആദ്യം വാഹനാപകടമാണെന്ന് കരുതിയിരുന്ന സംഭവം പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മറ്റൊരു വാഹനങ്ങളുമില്ലാതിരുന്ന വഴിയില്‍ വെച്ച് പിറകില്‍ നിന്ന വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.
ധന്‍ബാദില്‍ മാഫിയ ഗാങ്ങുകള്‍ നടത്തിയ കൊലപാതകങ്ങളും എം.എല്‍.എയുടെ സഹായി ഉള്‍പ്പെട്ട കൊലപാതക്കേസും ഉത്തം ആനന്ദ് ആ സമയത്ത് കൈകാര്യം ചെയ്തിരുന്നു. ഈ കേസുകളിലുള്‍പ്പെട്ടവരുടെ ജാമ്യപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഈ കേസുകള്‍ക്ക് ജഡ്ജിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം.
ഡ്രൈവറായ ലഖന്‍ വര്‍മ, ഇയാളുടെ സഹായി രാഹുല്‍ വര്‍മ എന്നിവരെ ജൂലൈ 29ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്താന്‍ ഇവര്‍ ഉപയോഗിച്ച ഓട്ടോ മോഷ്ടിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പൂര്‍ണേന്ദു വിശ്വകര്‍മ എന്ന റെയില്‍വേ കോണ്‍ട്രാക്ടറില്‍ നിന്നും ഇവര്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്നാണ് സി.ബി.ഐ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ സ്വന്തം സിം കാര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് രണ്ട് പേരും വെളിപ്പെടുത്തിയിരിക്കുന്നത്.
ഫോണ്‍ മോഷ്ടിക്കപ്പെട്ടുവെന്ന് അന്നു തന്നെ പൂര്‍ണേന്ദു പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഈ വിവരം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഓട്ടോറിക്ഷ മോഷ്ടിച്ച ശേഷമാണ് ഫോണ്‍ മോഷ്ടിക്കാന്‍ പോയതെന്നും അതിനു മുന്‍പ് മദ്യപിച്ചിരുന്നെന്നുമാണ് അറസ്റ്റിലായവര്‍ പറയുന്നത്. പൊലീസ് സ്റ്റേഷനടുത്ത് വെച്ച് മറ്റു ലഹരിവസ്തുക്കള്‍ ഉപയോഗിച്ചെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
ി
നിലവില്‍ ന്യൂദല്‍ഹിയില്‍ സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ഇവര്‍ രണ്ടു പേരും. നാര്‍കോ അനാലിസിസിനടക്കം ഇവരെ വിധേയമാക്കുന്നുണ്ട്.
ധന്‍ബാദിലെ ജഡ്ജിയുടെ കൊലപാതകം ജഡ്ജിമാര്‍ നേരിടുന്ന സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.