കസ്റ്റഡിയിലിരുന്ന പ്രതി പുഴയില്‍ ചാടി മരിച്ചു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News
കസ്റ്റഡിയിലിരുന്ന പ്രതി പുഴയില്‍ ചാടി മരിച്ചു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th December 2021, 10:03 pm

ഇടുക്കി: പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ പുഴയില്‍ ചാടി പ്രതി മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൊടുപഴയില്‍ അടിപിടിക്കേസില്‍ പ്രതിയായ കോലാനി സ്വദേശി ഷാഫിയാണ് പുഴയില്‍ ചാടി മരിച്ചത്.

സംഭവത്തില്‍ എസ്.ഐ ഷാഹുല്‍ ഹമീദ്, ജി.ഡി. ചാര്‍ജ് നോക്കിയിരുന്ന സി.പി.ഒ നിഷാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍
തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എറണാകുളം റേഞ്ച് ഐ.ജിയാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഷാഫിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
സ്റ്റേഷനില്‍ എത്തിച്ച ഷാഫി ജീപ്പില്‍ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടുകയായിരുന്നു.

സ്റ്റേഷന് ഇരുപത് മീറ്റര്‍ അകലെയുള്ള പാലത്തില്‍ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു. ഷാഫിക്കായി ആദ്യം പൊലീസും ഫയര്‍ഫോഴ്‌സും കൂടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പിന്നീട് കോതമംഗലത്ത് നിന്നും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധര്‍ എത്തിയാണ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്.