തിരുവനന്തപുരം: കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ച കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്. കേസിലെ പ്രധാന പ്രതികളെ നിയമത്തിനിമുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് ഇൗ കേസുമായി ബന്ധപ്പെട്ട് നടന്നത്.
ഇപ്പോള്‍ ഇതാ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രധാന പ്രതിയായ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഐ.പി.എസ് പട്ടികയില്‍ ഇടം നേടിയിരിക്കയാണ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഡി.വൈ.എസ്.പി ഇ.കെ സാബുവിന്റെ പേരാണ് കേന്ദ്രത്തിന് നല്‍കിയ ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2005 ല്‍ സി.ഐ ആയിരുന്ന ഇ.കെ സാബുവിന്റെ നേതൃത്വത്തിലാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണക്കേസിലെ പ്രതിയെന്നാരോപിച്ചാണ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.
കസ്റ്റഡിയില്‍ എടുത്തശേഷം നടന്ന പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് ഉദയകുമാര്‍ കസ്റ്റഡിയില്‍ വച്ച് മരണപ്പെടുന്നത്. പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ഉദയകുമാറിന് മരണം സംഭവിച്ചതെന്നാരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഉദയകുമാറിന്റെ കസ്റ്റഡി മരണത്തിന് പൊലീസ് ഉദ്യോഗസ്ഥരായ ഇ.കെ. സാബു, ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനിന്നിരുന്നു. ഈ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിലാണ് ജനറല്‍ ഡയറിയില്‍ വ്യാജ വിവരങ്ങള്‍ എഴുതി ചേര്‍ത്തതെന്ന് ജനറല്‍ ഡയറി ചുമതല വഹിച്ചിരുന്ന തങ്കമണി എന്ന ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിരുന്നു.
ഇത്തരം ആരോണങ്ങള്‍ നിലനില്‍ക്കെയാണ് ഐ.പി.എസ് നല്‍കാനുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ ഇ.കെ സാബുവിന്റെ പേരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാബുവിനെ കൂടാതെ എ.സി ആയിരുന്ന ടി.കെ ഹരിദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍ സോമന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.