Advertisement
Bulandshahr violence
പ്രധാനമന്ത്രിയുടെ സാമൂഹ്യക്ഷേമ പദ്ധതിയുടെ പ്രചരണത്തിന് ബുലന്ദ്ശഹര്‍ കലാപത്തിലെ പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 18, 11:44 am
Saturday, 18th July 2020, 5:14 pm

ലക്‌നൗ: പ്രധാനമന്ത്രിയുടെ സാമൂഹ്യക്ഷേമ പദ്ധതിയുടെ പ്രചരണത്തിന് ബുലന്ദ്ശഹര്‍ കലാപത്തിലേയും പൊലീസുദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിംഗിന്റെ കൊലപാതകത്തിലേയും മുഖ്യപ്രതി. കേസില്‍ ജാമ്യത്തിലിറങ്ങിയ ശിഖര്‍ അഗര്‍വാളാണ് പദ്ധതി പ്രചരണത്തിന്റെ മുഖ്യസംഘാടകന്‍.

ബി.ജെ.പി ജില്ലാ പ്രസിഡണ്ടാണ് ദേശീയതലത്തില്‍ പ്രമാദമായ കലാപക്കേസിലെ പ്രതിയായ ശിഖര്‍ അഗര്‍വാളിന് ചുമതല നല്‍കിയത്. ശിഖറിനെ പദ്ധതിയുടെ ചുമതലയേല്‍പ്പിക്കുന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ബുലന്ദ്ശഹറിലെ മഹൗ ഗ്രാമത്തില്‍ 25 പശുക്കളുടെ മാംസാവശിഷ്ടം കണ്ടെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഒരു കരിമ്പ് പാടത്ത് മാംസം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

2018 ഡിസംബര്‍ 3 നാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജാണ് കേസിലെ പ്രധാന ആസൂത്രകനും പ്രതിയും.

ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നതും സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിന് ഇതിനെ തുടര്‍ന്ന് ഹിന്ദുത്വസംഘടനകളുടെ ഭീഷണിയും ഉണ്ടായിരുന്നു.

സുബോധ് കുമാറിനെ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

ഉറപ്പുള്ള വസ്തുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ വെടിയേറ്റ് താഴേക്ക് തൂങ്ങിക്കിടക്കുന്ന സുബോധ് കുമാറിന്റെയും ചുറ്റും യുവാക്കള്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ