കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍
Kerala News
കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2024, 11:29 am

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

അബ്ബാസ് അലി (31), ദാവൂദ് സുലൈമാന്‍ (27), കരിം രാജ (33) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. കൊല്ലം പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവത്തിലാണ് ഷംസുദ്ദീനെ വെറുതെ വിട്ടത്. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ കോടതി മാപ്പുസാക്ഷി ആക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടോ, സ്ഫോടനത്തില്‍ പരിക്കേറ്റവരോട് എന്തെങ്കിലും പറയാനുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ എട്ട് വര്‍ഷം തങ്ങള്‍ ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

2016 ജൂണ്‍ 15നാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ ഉപയോഗശൂന്യമായി കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനടിയില്‍ ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്. അധികം പ്രഹര ശേഷിയില്ലാത്ത ബോംബാണ് മധുര സ്വദേശികളായ പ്രതികള്‍ സ്ഥാപിച്ചത്.

ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരായിരുന്നു സ്‌ഫോടനത്തിന് പിന്നില്‍. ചോറ്റുപാത്രത്തില്‍ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിലവില്‍ നാല് പ്രതികളും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 2017 സെപ്റ്റംബർ ഏഴിന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 2023 ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

Content Highlight: Accused guilty in Kollam Collectorate blast case