| Friday, 30th August 2024, 7:56 pm

ഏഴ് വയസുകാരനെ ലൈംഗികമായി ആക്രമിച്ച കേസില്‍ പൂജാരിക്ക് 20 വര്‍ഷം കഠിനതടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഴ് വയസുകാരനെ ലൈംഗികമായി ആക്രമിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയുടേതാണ് നടപടി. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ (24)യാണ് കഠിനതടവിന് വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ജഡ്ജി ആര്‍. രേഖയാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. പിഴ കൃത്യമായി നല്‍കാത്ത പക്ഷം പ്രതി രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. കോടതി വിധിയില്‍ പിഴ തുക കുട്ടിക്ക് നല്‍കണമെന്നാണ് പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘പ്രതിയുടെ പ്രവര്‍ത്തി സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ പ്രായം പരിഗണിച്ചത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നല്‍കുകയാണ്,’ കോടതി വിധിയില്‍ വ്യക്തമാക്കി. 2022 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ അതിക്രമം നടന്നത്.

കുട്ടിയെ നിരന്തരമായി പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പല തവണ പീഡനം നേരിട്ടുണ്ടെന്ന് കുട്ടി കോടതിയിൽ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഏഴ് വയസുകാരന്റെ വീടിന് സമീപത്തായാണ് പ്രതി താമസിച്ചിരുന്നത്. എന്നാല്‍ അതിക്രമം നേരിടുന്ന വിവരം കുട്ടി ആദ്യം പുറത്തുപറഞ്ഞിരുന്നില്ല.

എന്നാല്‍ ഒന്നിലധികം തവണ ലൈംഗിക പീഡനം നേരിട്ടപ്പോള്‍ കുട്ടി ബന്ധുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 17 സാക്ഷികളെയും 24 രേഖകളും നാല് തൊണ്ടിമുതലുകളും നിരീക്ഷിച്ചതിന് ശേഷമാണ് കോടതി വിധി. വഞ്ചിയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. ദീപിന്‍, എസ്.ഐ എം. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.

Content Highlight: accused gets 20 years rigorous imprisonment for abusing seven-year-old boy

We use cookies to give you the best possible experience. Learn more